ജെസ്‌ന എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; അന്വേഷണങ്ങൾക്ക് ഇന്നേക്ക് തൊണ്ണൂറ് ദിവസം, കത്തുപെട്ടികളിലും തുമ്പില്ല

ബുധന്‍, 20 ജൂണ്‍ 2018 (08:05 IST)
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് 90 ദിവസം പിന്നിടുകയാണ്. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്. പൊലീസുകാർ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
 
കഴിഞ്ഞ ദിവസം സംഘങ്ങളായി പൂണെയിലും ഗോവയിലും ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഫോൺ മുഖേനയും പരാതിപ്പെട്ടികൾ വഴിയും ലഭിക്കുന്ന വിവരങ്ങളിലൂടെയാണ് പൊലീസുകാർ അന്വേഷണം നടത്തുന്നത്.
 
ചിലയിടങ്ങളിൽ നിന്ന് ജെസ്‌നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാർക്കും പൊലീസിനും കോളുകളും വിവരങ്ങാളും ലഭിച്ചുവെങ്കിലും യാതൊരു ഫലങ്ങളും ഉണ്ടായില്ല. വീടുവിട്ടിറങ്ങിയത് മുതൽ ജെസ്‌നയ്‌ക്ക് ചുറ്റും ദുരൂഹതകളാണ്. ആന്റിയുടെ വീട്ടിൽ പോകുകയാണെന്ന് അയൽവാസിയോട് പറഞ്ഞെങ്കിലും അതിലും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന സഞ്ചരിച്ചത് കണ്ടവരുടെ മൊഴിയുയനുസരിച്ച് പുഞ്ചവയലിലെ ആന്റിയുടെ വീട്ടിലേക്കാവും ജെസ്ന പോയതെന്ന അനുമാനത്തിലാണു വീട്ടുകാർ. ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തിൽ ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറി. എന്നാൽ അതിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായില്ല.
 
ജെസ്‌നയുടെ കേസിൽ ഓരോ ദിവസം കഴിയുന്തോറും പൊലീസ് ഇരുട്ടിൽ തപ്പുകയാണോ എന്ന ചോദ്യവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപ വരെ പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകേ ധാരാളം കോളുകൾ വന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ മകൾക്കായി കാത്തിരിക്കുന്ന പിതാവും സഹോദരിക്കായി കാത്തിരിക്കുന്ന കൂടപ്പിറപ്പുകളും ജെസ്‌നയ്‌ക്കായുള്ള കാത്തിരിപ്പിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍