വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍

ശനി, 11 ഓഗസ്റ്റ് 2018 (10:15 IST)
മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുകയാണ്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ആളുകളാണ് ഉള്ളത്. നിരവധിയാളുകൾ ഇവർക്ക് സഹായഹസ്തം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ ഇതര സംസ്ഥാന കച്ചവടക്കാരനായ വിഷ്ണുവും ഉണ്ട്. 
 
പ്രളയത്തെ തുടർന്ന് സ്വന്തം വീടും സമ്പത്തും വിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകള്‍ സൗജന്യമായി നല്‍കിയത്.
 
ഇരിട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളിപുതപ്പ് വില്‍ക്കാനെത്തിയ വിഷ്ണുവിനോട് മഴക്കെടുതിയെ കുറിച്ച് ജീവനക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് തന്റെ കൈയ്യിലുണ്ടായിരുന്ന പുതപ്പ് ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കാന്‍ വിഷ്ണു തീരുമാനിക്കുകയായിരുന്നു.  
 
വിഷ്ണുവിന്റെ സഹായഹസ്തം ആദ്യം പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തയായെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് വിഷ്ണുവിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍