ഹനാനെതിരായ അധിക്ഷേപം; ഒരാൾ കൂടി അറസ്റ്റിൽ

തിങ്കള്‍, 30 ജൂലൈ 2018 (10:08 IST)
കൊച്ചി തമ്മനത്ത് അധിജീവനത്തിനായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാള്‍കൂടി അറസ്റ്റില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 
 
ഹനാനെ അധിക്ഷേപിച്ച് ആദ്യം ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
 
ഹനാനെ അധിക്ഷേപിച്ച് അശ്ലീല കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെ കോടതി റിമാന്‍ഡ് ചെയതിരുന്നു. റിമാന്‍ഡ് ചെയ്ത ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
 
ഹനാനുനേരെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോസ്റ്റിട്ടവരില്‍ പലരും അവ പിന്‍വലിച്ചു. എന്നാല്‍, ഈ പോസ്റ്റുകളുടെയെല്ലാം തെളിവുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍