പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി! മമ്മൂട്ടിയോ?
ബുധന്‍, 14 മാര്‍ച്ച് 2018 (09:31 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി.
ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.
ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും മമ്മൂട്ടി താരമായി മാറുന്നത്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് പരീക്ഷയ്ക്ക് വന്നിട്ടുളളത്. ആദ്യമായി വാട്‌സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം.
മമ്മൂട്ടിയും ആശ ശരത്തും പ്രധാന വേത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായ വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്തത്. അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്റെ വാട്‌സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അന്ന് വന്നിരുന്നുവെങ്കിലും പിന്നീടെല്ലാവരും ഈ സംഭവം മറന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ചോദ്യം പരീക്ഷയ്ക്ക് വരുന്നത്. ഏതായാലും ചോദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സാക്ഷാല്‍ മമ്മൂട്ടി ആരാധകരും.
കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം ആര്‍ ജയഗീത എഴുതിയ കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ എന്ന ഗാനത്തിന് ഈണമൊരുക്കിയത് ബിജിബാലായിരുന്നു.