കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കം. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് നടിമാര്‍ രാജി വെച്ചതോടെ ഇനിയും അമ്മയില്‍ നിന്നും രാജി ഉണ്ടാവുമെന്നാണ് സൂചന. ഇതിനിടെ അമ്മയുടെ പേര് മാറ്റി എന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം.
അതേസമയം, രാജി വെച്ച നടിമാരുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ അമ്മ തയ്യാറാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ നിലപാടില്‍ മാറ്റം വരുത്തി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. രാജിവച്ച നടിമാര്‍ ശത്രുക്കളല്ലെന്നും അവര്‍ സഹോദരിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ പ്രസിഡന്റായ നടൻ മോഹൻലാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം ജൂലൈ 12ന് തിരിച്ചെത്തിയാലുടൻ എക്സിക്യൂട്ടീവ് യോഗം ചേരും. ഈ യോഗത്തിലാകും നിര്‍ണ്ണായക തീരുമാനമുണ്ടാകുക. മോഹന്‍ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. വിഷയത്തിൽ ഏറ്റവും അധികം ക്രൂശിക്കപ്പെട്ടത് മോഹൻലാൽ ആണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കണമെന്ന് വരെ ആവശ്യപ്പെട്ടവരുണ്ട്. പക്ഷേ, രാജിയില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്ന് സൂചന.