അഭിമന്യുവിന്റെ കൊലപാതകം; ഒളിച്ചുകളിച്ച് സർക്കാർ, പ്രതികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ യുഎപിഎ ചുമത്തില്ല

ബുധന്‍, 11 ജൂലൈ 2018 (11:22 IST)
മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലപാതകത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നുവെന്ന് ആരോപണം. കൊലപാതകത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) ചുമത്തുന്നതിനോടു സിപിഎമ്മിനു വിയോജിപ്പ് അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
 
കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ സാന്നിധ്യം പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്‍ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ, കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയാണെങ്കിൽ അവർ യുഎപി‌എ ചുമത്തട്ടെയെന്ന തീരുമാനമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. 
 
പ്രധാനപ്രതികൾ ഇന്ത്യ കടന്നതായി റിപ്പോർട്ടുണ്ട്. ഇവർക്കായി കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാൻ സാങ്കേതിക തടസ്സമുള്ളതിനാൽ അന്വേഷണം എൻഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. 
 
ഇതേസമയം, കൊലപാതകം ചെയ്‌ത ആളുകളെ പത്ത് ദിവസത്തിനകം പിടിച്ചില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു. അഭിമന്യു വധത്തില ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികള്‍ക്കു സംരക്ഷണം നല്‍കിയെന്നുള്ള കുറ്റവുമാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍