മുറിവുകള്‍ പലവിധമാണുള്ളത്, അടഞ്ഞിരിക്കുന്നത്, രക്തം ഒഴുകിക്കൊണ്ടിരിക്കുന്നത് അഥവ തുറന്നിരിക്കുന്ന മുറിവുകളെന്നിങ്ങനെ രണ്ടുവിധം. എന്നാല്‍ തുറന്നിരിക്കുന്ന മുറിവുകളെ അത്രക്കങ്ങ് നിസ്സാരവല്‍ക്കരിക്കാന്‍ പാടില്ല. ശരീരം ഏറ്റവും കൂടുതല്‍ രോഗഗ്രസ്തമാകാന്‍ തുറന്ന മുറിവുകള്‍ കാരണമാകും. എന്നാല്‍ ഓരോ മുറിവുകളും പരിചരിക്കേണ്ടതില്‍ മുറിവുണ്ടായ അവയവം പോലെ തന്നെ മുറിവിന്റെ സ്വഭാവവും പ്രാധാന്യമര്‍ഹിക്കുന്നു.
അടഞ്ഞമുറിവുകള്‍ അഥവാ ചതവുകള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ശരീരത്തില്‍ ഭാരമേറിയ വസ്‌തുക്കള്‍ വന്നുവീഴുക, കല്ലിലോ മറ്റ് വസ്‌തുവിലോ ശക്‌തിയായി അടിച്ചു വീഴുക, റോഡപകടങ്ങള്‍, സ്‌പോര്‍ട്‌സ് എന്നിവ മൂലം ചതവുകള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരം ചതവുകള്‍ പലപ്പോഴും മരണ കാരണമാകുന്നവയാണ്. ഉദാഹരണത്തിന് തലയിലുണ്ടാകുന്ന ക്ഷതങ്ങള്‍.തലയ്‌ക്ക് ചതവുള്ള ഒരു രോഗിക്ക് ചിലപ്പോള്‍ തലയോടു പൊട്ടി തലച്ചോറില്‍ ക്ഷതം സംഭവിച്ചിരിക്കാം. തലയ്‌ക്ക് ചതവു മാത്രമേയുള്ളൂ എന്നു കരുതി അവഗണിച്ചാല്‍ രോഗി ചിലപ്പോള്‍ ഗുരുതരാവസ്‌ഥയിലെത്തിയെന്നു വരാം.
തലയ്‌ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങളും, മുറിവുകളും, ചതവുകളും ഏറ്റവും ഗൗരവമുള്ളതും അടിയന്തിര ചികിത്സ നല്‍കേണ്ടതുമാണ്. തലയോട്ടിയിലെ എല്ലുകള്‍ പൊട്ടിയാല്‍ അതിന്റെ ഫലമായി തലച്ചോറിന് ക്ഷതം പറ്റുകയും, തലച്ചോറിനകത്തും, പുറത്തും രക്‌തസ്രാവമുണ്ടാകുകയും ചെയ്യും.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകുകയാണെങ്കില്‍ ചെയ്യേണ്ടത് എത്രയും പെട്ടന്ന് ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുകയാണ്. ശേഷം തലയിലെ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണിയോ, ഗോസോ വച്ച ശേഷം വൃത്തിയുള്ള തുണിയോ ബാന്‍ന്റേജോ വച്ച് മൂടികെട്ടുക. ബോധമുണ്ടെങ്കില്‍ തല അല്‍പം ചരിച്ചുവച്ച് കിടത്തുക. അപകടത്തേ തുടര്‍ന്ന് ശ്വാസതടസമുണ്ടെങ്കില്‍ ശ്വാസനാളം തുറക്കാനായി താടി ഉയര്‍ത്തുകയും തല അല്‍പം പുറകോട്ടാക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ കൃത്രിമ സോച്‌ഛ്വാസവും, ഹൃദയോത്തേജനവും നല്‍കുക. ഇത് ആശുപത്രിയില്‍ എത്തിക്കുന്നതുവരേയോ ഡോക്ടറേ കാണുന്നതുവരേയോ നടത്താന്‍ ശ്രദ്ധിക്കണം.
അതേ സമയം തലയിലെ മുറിവില്‍ തറച്ചു നില്‍ക്കുന്ന അന്യവസ്‌തുക്കള്‍ നീക്കം ചെയ്യുക, തലയിലെ മുറിവ് ഉരച്ചു കഴുകി വൃത്തിയാക്കുക രോഗിയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുക രോഗിക്ക് മദ്യവും ഉറക്കഗുളികകളും നല്‍കുക, വീണുകിടക്കുന്ന രോഗികളെ അശ്രദ്ധയോടെ വലിച്ചു തൂക്കിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല.
എന്നാല്‍ കുട്ടീകള്‍ക്ക് തലയ്ക്ക് പരിക്കു പറ്റിയാല്‍ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. പത്തു മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന കരച്ചില്‍, ബോധക്കേടോ, അപസ്‌മാരമോ ഉണ്ടാകുക, ഒന്നിലധികം തവണ ഛര്‍ദ്ദിക്കുക, ഉറക്കം തൂങ്ങുകയോ വിളിച്ചുണര്‍ത്തിയാല്‍ ഉണരാന്‍ പ്രയാസമുണ്ടാകുകയോ ചെയ്യുക, ശക്‌തിയുള്ളതും, കുറേനേരം നീണ്ടുനില്‍ക്കുന്നതുമായ തലവേദന, ഉഴറുന്ന സംസാരവും, ആശയക്കുഴപ്പവും കണ്ണുകള്‍ക്ക് തകരാറ്, നടക്കുമ്പോള്‍ ഇടറി വീഴുക, അപകടത്തെക്കുറിച്ച് ഓര്‍മ്മയില്ലാതിരിക്കുക, അസാധാരണമായി പെരുമാറുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുക.
എന്നാല്‍ ഇത്തരം അവസ്ഥ സാധാരണ അപകടങ്ങള്‍ മൂലമാണ് സംഭവിക്കുക. എന്നാല്‍ നമ്മുടെ അശ്രദ്ധ മൂലം സംഭവിക്കുന്ന മുറിവുകള്‍ പലതും തുറന്നിരിക്കുന്നവയാണ്. യന്ത്രഭാഗങ്ങള്‍ കൊണ്ടോ, മൃഗങ്ങളുടെ നഖം കൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ ഇത്തരത്തിലുള്ളവയാണ്. കുട്ടികള്‍ക്കാണ് ഇത് സാധാരണയായി സംഭവിക്കുക എന്താണ് സംഭവിച്ചത് എന്ന് നമുക്ക് മുറിവു നോക്കി മനസിലാക്കാന്‍ സാധിക്കും.
കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകള്‍, മുനയുള്ള ആയുധങ്ങള്‍ കൊണ്ടും നഖം, സൂചി, പല്ല്, മൃഗങ്ങളുടെ കടി എന്നിവ കൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍ പുറമേ ചെറുതായി തോന്നുമെങ്കിലും ചര്‍മ്മത്തിനുള്ളില്‍ ആഴം കുടുതലായിരിക്കും. വേദന, നീര്‍ക്കെട്ട്, ചതവ്, രക്‌തസ്രാവം എന്നിവ ഉണ്ടാകാം. അതിനാല്‍ കുട്ടികളില്‍ പനിയും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുറിവുണ്ടാകുന്നതിനൊപ്പം ചെളിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിച്ചാല്‍ അവസ്‌ഥ ഗൗരവമുള്ളതാകാമെന്നതിനാല്‍ കരുതല്‍ നന്നായി തന്നെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ പലര്‍ക്കും മുറിവുണ്ടാകുന്നത് കത്തി, വാള്‍, വെട്ടുകത്തി, അരിവാള്‍ തുടങ്ങിയ ആയുധങ്ങള്‍കൊണ്ടാകും. ഇവകൊണ്ട് മുറിവുണ്ടായാല്‍ അ മുറിവുകള്‍ അധികവും നേര്‍വരപോലെ നീളത്തിലായിരിക്കും. അരികുകള്‍ വ്യക്‌തമായി കാണാനും സാധിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളായതിനാല്‍ രക്‌തക്കുഴലുകള്‍ മുറിയുന്നതുകൊണ്ട് രക്‌തസ്രാവം കൂടുതലായിരിക്കും.
അതേ സമയം എന്തെങ്കിലും മൂര്‍ച്ചയേറിയ വസ്തുക്കള്‍ തുളഞ്ഞു കയറിയുണ്ടാകുന്ന മുറിവുകള്‍ സ്ഥിതി ഗുരുതരമാക്കുന്നു. ഇത്തരം മുറിവുകള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്. കാരണം ശ്വാസകോശങ്ങള്‍ക്കോ, രക്‌തക്കുഴലുകള്‍ക്കോ, ഹൃദയത്തിനോ, ശ്വാസനാളത്തിനോ മാരകമായ മുറിവുകള്‍ സംഭവിച്ചിരിക്കാം.
ഇത്തരം മുറിവുകള്‍ പറ്റിയ ആളെ മുറിവുപറ്റിയ ഭാഗത്തേക്കു ചെരിഞ്ഞോ, പകുതി ചാരിയോ കിടത്താം. നെഞ്ചിലെ മുറിവ് തുറന്നിരിക്കുകയാണെങ്കില്‍ വൃത്തിയുള്ള തുണി കൊണ്ട് മൂടി ബാന്‍ന്റേജോ, തുണിയോ വച്ചുകെട്ടുക. തുണി കിട്ടിയില്ലെങ്കില്‍ കൈത്തല മുപയോഗിച്ച് മുറിവ് പൊതിഞ്ഞു പിടിക്കുക. രോഗി അബോധാവസ്‌ഥയിലാണെങ്കില്‍ മുറിവേറ്റ ഭാഗം മുകളിലാവുന്ന തരത്തില്‍ ചെരിച്ചു കിടത്തുക.
മുറിവ് വയറ്റിലാണ് ഉണ്ടായിരിക്കുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ദ വേണം. വയറ്റിലെ ഏതെങ്കിലും അവയവം പുറത്തു വരുന്നതു കണ്ടാല്‍ അവ മൂടി വെക്കുക. അവയവങ്ങളെ ഒരിക്കലും അമര്‍ത്തുകയോ, തള്ളി അകത്താക്കുകയോ ചെയ്യരുത്. ഈ അവസ്‌ഥയില്‍ പരിക്കേറ്റയാള്‍ക്ക് കുടിക്കാനോ, കഴിക്കാനോ കൊടുക്കരുത്.
മുറിവ് നെഞ്ചിലാണ് ഉണ്ടായതെങ്കില്‍ ശ്വാസതടസം, നെഞ്ചുവേദന, ഷോക്ക്, രക്‌തം ചുമച്ചുതുപ്പല്‍ എന്നിവയെല്ലാം ലക്ഷണങ്ങളില്‍പ്പെടുന്നു. മുറിവുകൊണ്ട് ശ്വാസകോശങ്ങളില്‍നിന്ന് വായു പുറത്തേക്കു വരികയാണെങ്കില്‍ അതിയായ ശ്വാസതടസമുണ്ടായി രോഗി ഉടനെ മരിക്കും.
ഇനി നമുക്ക് മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന മുറിവുകളേക്കുറിച്ച് നോക്കാം. എറ്റവും സെന്‍സിറ്റീവായ അവയവമാണ് കണ്ണ്. കണ്ണില്‍ നഖമോ, മണല്‍ത്തരികളോ ചില്ലുകഷണങ്ങളോ കൊണ്ട് മുറിവുണ്ടാകാം. എന്നാല്‍ ഒരിക്കലും കണ്ണ് തിരുമ്മാന്‍ പാടുള്ളതല്ല. ഇത് മുറിവ് കൂടുതല്‍ വലുതാക്കുമ്ര്ന്നു മാത്രമല്ല അണുബാധയുണ്ടാക്കുകയും ചെയ്യും.
കന്നീല്‍ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണ് നന്നായി കഴുകുക. കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ അത് സാവധാനം ശ്രദ്ധയോടെ നീക്കാം ചെയ്യുക. തല അധികം അനങ്ങാതെ ശ്രദ്ധിക്കുക. ശേഷം കണ്ണുകളടച്ചതിനു ശേഷം വൃത്തിയുള്ള തുണിയോ ഗോസോ വച്ച് കണ്ണുകളമര്‍ത്താതെ മുറുക്കെ കെട്ടുക, കഴിവതും വേഗം ഡോക്‌ടറെ കാണിക്കുക. കാണിലെ മുറിവ് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് അന്ധതയ്ക്ക് തന്നെ കാരണമായിത്തീരും.
എന്നാല്‍ വളരെ ശ്രദ്ധയോടെ വേണം നട്ടെല്ലിനുണ്ടാകുന്ന മുറിവുകള്‍ കൈകാര്യം ചെയ്യാന്‍. രോഗിയെ ചലിക്കാന്‍ അനുവദിക്കാതെ എത്രയും വേഗം ആധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. നട്ടെല്ലിന്റെ മുറിവുകള്‍ കൊണ്ട് നട്ടെല്ലിന്റെ കശേരുക്കള്‍ക്കും സുഷുമ്‌നാനാഡിക്കും, ഞരമ്പുകള്‍ക്കും തകരാറുകള്‍ പറ്റാനിടയുണ്ട്.
അവയവങ്ങള്‍ അറ്റുപോയാല്‍ വലിയ ആശുപത്രികളില്‍ മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്‍ക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ, ഒരു മണിക്കൂറിനുള്ളില്‍ അവയവം ആശുപത്രിയിലെത്തിച്ചിരിക്കണം. ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അവയവം ഉപയോഗശൂന്യമായിത്തീരും. അതിനാല്‍ രോഗിയെ കിടത്തി മുറിവുണ്ടായ സ്ഥലത്തേ രക്തസ്രാവം നിര്‍ത്താന്‍ ശ്രമിക്കുക. അവയവം മുറിഞ്ഞുപോയ ശരീരഭാഗത്തിന് കേടുപറ്റാതെ ശ്രദ്ധിക്കുക കഴിവതും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ എത്രയും പെട്ടന്ന് ചെയ്യേണ്ടതായുണ്ട്.
രോഗിക്കൊപ്പം അവയവവും കൊണ്ടുപോകുന്നുണ്ടെങ്കില്‍ അവയവം ഉപ്പുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ കഴുകിയ ശേഷം വൃത്തിയുള്ള ഒരു പ്ലാസ്‌റ്റിക് കവറിലിടുക. ഇത് നന്നായി കെട്ടിയ ശേഷം ഉപ്പു വെള്ളം നിറച്ച ഒരു പാത്രത്തിലിടുകയും ആ പാത്രം ഐസ് നിറച്ച മറ്റൊരു പാത്രത്തില്‍വച്ച് കൊണ്ടുപോകാം. എന്നാല്‍ മുറിഞ്ഞ അവയവം നേരിട്ട് ഐസില്‍ വയ്‌ക്കുകയോ, ഐസുമായി മുട്ടുകയോ ചെയ്യരുത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.