പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. പരമ്പരാഗത വസ്ത്രങ്ങളോ മത ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവര്‍ റിപ്പോര്‍ട്ടിങ്ങിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പരീക്ഷ സെന്ററില്‍ എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിക്കണം. 12.30 നാണ് അവസാന റിപ്പോര്‍ട്ടിങ് സമയം. അതായത് പരമ്പരാഗത, മതാചാരപരമായ വേഷങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കണം. വിശദമായ പരിശോധന നടത്തിയ ശേഷം ഇവരെ അകത്ത് കയറ്റും.
ഹീല്‍ ഇല്ലാത്ത സ്ലിപ്പറുകളും ചെരുപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഷൂസ് ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍, മെറ്റല്‍ വസ്തുക്കള്‍, ഏതെങ്കിലും വിധത്തിലുള്ള വാച്ചുകള്‍, കാമറകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. ഇലക്ട്രോണിക് ഡിവൈസുകള്‍ ഒന്നും പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ല. തൊപ്പി, ബെല്‍റ്റ്, പേഴ്‌സ്, ഹാന്‍ഡ് ബാഗ് തുടങ്ങിയവ അനുവദിക്കില്ല. അടച്ചിട്ട മുറിയില്‍ സ്ത്രീകളായ ഉദ്യോഗസ്ഥര്‍ മാത്രമേ പെണ്‍കുട്ടികളുടെ ഡ്രസ് കോഡ് പരിശോധിക്കാവൂ.