പരിസ്ഥിതിയെ കണ്ടില്ലെന്നു നടിക്കാന്‍ കലാകാരന്മാര്‍ക്കാവില്ല: രവി അഗര്‍വാള്‍

വെള്ളി, 16 ഡിസം‌ബര്‍ 2016 (15:01 IST)
പാരിസ്ഥിതിക വിഷയങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള നിലനില്പ്  കലാകാരന്മാര്‍ക്കില്ലെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ രവി അഗര്‍വാള്‍‍. കൊച്ചി-മുസിരിസ് ബിനാലെയോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാഡില്‍ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രകൃതിക്ക് മനുഷ്യനെ ആവശ്യമായതിനേക്കാള്‍  മനുഷ്യന് പ്രകൃതിയെ ആവശ്യമുണ്ട്. 150 ദശലക്ഷം കൊല്ലം ഭൂമിയെ അടക്കി വാണ ദിനോസര്‍ വംശം ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഇല്ലാതായി. പ്രകൃതിയില്‍ നിന്ന് ദാനമായി കൈപ്പറ്റേണ്ടതൊക്കെ അവകാശവും അധികാരവുമായി മനുഷ്യന്‍ പിടിച്ചു വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
പ്രകൃതി വിഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ചൈനയും ഇന്ത്യയുമാണ് പ്രധാന ഉത്തരവാദികള്‍ എന്നദ്ദേഹം പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ച് വളര്‍ച്ചാ നിരക്ക്, വികസനം എന്നീ വാക്കുകളിലൂടെ  പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ന്യായം കണ്ടെത്തുകയാണ്  ഇരുരാജ്യങ്ങളും ചെയ്യുന്നതെന്ന് രവി അഗര്‍വാള്‍ പറഞ്ഞു.
 
ചൂഷണവും ജീവിതമാര്‍ഗവും തമ്മില്‍ ഏറെ അന്തരമുണ്ട്. മൂന്നു വര്‍ഷം പോണ്ടിച്ചേരിയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജീവിച്ചാണ് താന്‍ കലാസൃഷ്ടി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വള്ളവുമായി കടലില്‍ പോയി ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ കൊള്ളുന്നയത്രയും മീനുമായി മുക്കുവന്‍ വരുന്നു. എന്നാല്‍ ഇതേ പ്രക്രിയ വന്‍തോതില്‍ സമീപത്തുള്ള ആഴക്കടല്‍ മത്സ്യബന്ധനക്കാരനും ചെയ്യുന്നു. ഒരു വശത്ത് പ്രകൃതിയെ ജീവിതമാര്‍ഗമായി മാറ്റുമ്പോള്‍ മറുവശത്ത് ധനസമ്പാദനത്തിനായി അതിനെ ഇല്ലാതാക്കുകയാണെന്ന് രവി അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
 
ഇത്തരം ചൂഷണങ്ങളെ സമൂഹമനസില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ കലാകാരന്മാര്‍ക്കേ കഴിയൂ. വാക്കുകളിലൂടെയും എഴുത്തിലൂടെയുമുള്ള അവബോധത്തേക്കാള്‍ പതിന്മടങ്ങ് ഫലപ്രദമാണ് ഇക്കാര്യത്തില്‍ കലാസൃഷ്ടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് രവി അഗര്‍വാള്‍‍. ബിനാലെ മൂന്നാം ലക്കത്തില്‍ സംഘകാല കൃതികളെ ആസ്പദമാക്കി നടത്തിയിരിക്കുന്ന സൃഷ്ടിയിലൂടെ പരിസ്ഥിതിയില്‍ നിന്നുള്ള വേറിടലിനോട് എങ്ങിനെ സമൂഹം ചെറുത്തു നില്‍ക്കണമെന്ന് അദ്ദേഹം കാട്ടിത്തരുന്നു.

വെബ്ദുനിയ വായിക്കുക