കിനാവ്

WDWD
കാത്തിരിപ്പ്‌ എത്ര ദുസഹമാണ്‌. ദേവനാരായണന്‍ സെല്‍ഫോണില്‍ സമയം നോക്കി. ഇനി ഒരു മണിക്കൂര്‍ കൂടി കഴിയണം മറുകരയില്‍ നിന്ന് ബോട്ട്‌ എത്താന്‍. തനിക്കുള്ള നിധിയുമായാണ്‌ ബോട്ട്‌ വരുന്നത്‌. അതുകൊണ്ട്‌ എത്ര കാത്തിരിക്കാനും ദേവന്‍ ഒരുക്കമാണ്‌. ജീവിതത്തെ മാറ്റി മറിച്ച ചെറുനഗരം ഉപേക്ഷിച്ചു പോവുമ്പോള്‍ പാര്‍വതിയും രണ്ടു കുട്ടി‍കളുമുണ്ടാവും ഒപ്പം. വാക്കു പറഞ്ഞാണ്‌ ഇന്നലെ അവള്‍ പോയത്‌. ഇനി അവളുടെ മനസു മാറുമോ? പാഴായ സ്വപ്നങ്ങളുമായി തനിയേ മടങ്ങേണ്ടി വരുമോ? ദേവനാരായണന്‍ അസ്വസ്ഥനായി. ഓളപ്പരപ്പില്‍ എന്തൊക്കെയോ ഒഴുകി നടക്കുന്നു.

താത്കാലികമായി തുറന്ന ഓഫീസിന്‍റെ ചുമതല ദേവനാരായണനായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടി‍രുന്ന ദേവന്‍ ഈ നഗരത്തിലേയ്ക്കു വന്നതും മറ്റൊന്നും പ്രതീക്ഷിച്ചായിരുന്നില്ല. ഓഫീസിനു സമീപമാണ്‌ റെയില്‍വേ സ്റ്റേഷന്‍. അതിനടുത്തായി ഫ്ലാറ്റിലാണ്‌ താമസം. ബാങ്കുകളും മറ്റ്‌ വാണിജ്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്‌ മറുകരെയാണ്‌. പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുതിനാല്‍ അന്ന്‌ ബോട്ടില്‍ യാത്ര ചെയ്യാന്‍ ദേവന്‍ തീരുമാനിച്ചു.

ആ യാത്രയിലാണ്‌ ദേവന്‍ അവളെ ആദ്യമായി കണ്ടത്‌. കഴുത്തില്‍ മറുകുള്ള സുന്ദരി. അവളുടെ കൈയിലിരു കുഞ്ഞ്‌ താഴെയിറങ്ങാന്‍ കുതറുന്നു. പരിചയ ഭാവത്തില്‍ ദേവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവള്‍ പക്ഷെ അതു ശ്രദ്ധിക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നു. എന്തോ ഒരിഷ്ടം. ഒന്നു ചേര്‍ത്തു പി‍ടിക്കാന്‍...മുടിയിഴകള്‍ കോതിയൊതുക്കാന്‍.... ബോട്ടി‍ല്‍ നിന്നിറങ്ങിക്കഴിഞ്ഞ്‌ അവള്‍ ഒന്നു നോക്കുമെന്നു കരുതി. അതും വെറുതെയായി.

മൂന്നും നാലും നിലകളിലാണ്‌ ഓഫീസിന്റെ പ്രവര്‍ത്തനം. നാലാമത്തെ നിലയിലാണ്‌ ദേവനാരായണന്‍റെ വിശാലമായ ക്യാബിന്‍. അതേ ക്യാബിനില്‍ വലതു വശത്തായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ രജനിയുടെ സീറ്റ്‌. രജനിയോട്‌ സംസാരിക്കാന്‍ എന്തോ ദേവനിഷ്ടമല്ല. ഓഫീസ്‌ കാര്യങ്ങള്‍ പോലും ദേവന്‍ അനിഷ്ടത്തോടെയാണ്‌ പറയുതെന്നു രജനി കരുതുന്നു. എന്താണു കാരണമെന്നു മാത്രം അവള്‍ക്കറിയില്ല.

പതിവില്ലാതെ മുഖവുരയോടെയാണ്‌ രജനി സംസാരിക്കുത്‌.
" എന്താ രജനീ, കാര്യം പറയ്‌"
" സര്‍, എന്റെയൊരു കൂട്ടു‍കാരിയുണ്ട്‌..ഇവിടെയടുത്ത്‌..."
" അതിന്‌?"
" അവള്‍ക്ക്‌ അക്കൗണ്ടിംഗ്‌ കുറച്ചൊന്നു പഠിക്കണന്നുണ്ട്‌..."
"........."
"ശനിയാഴ്ചകളിലോ വര്‍ക്ക്‌ അധികമില്ലാത്തപ്പോഴോ..ഇവിടെവച്ച്‌....സാറിന്‌ അസൗകര്യമില്ലെങ്കില്‍..."
"എനിക്കു ശല്യമാവരുത്‌...!"
" ഇല്ല സര്‍..അവള്‍ക്കൊരു കൈക്കുഞ്ഞുണ്ട്‌...പുറത്തെവിടെയെങ്കിലും പോയി പഠിക്കാന്‍ സമയവുമില്ല"
" കുഞ്ഞുമായി ഓഫീസില്‍ വന്നാല്‍...?"
"ശനിയാഴ്ച കുഞ്ഞിനെ നോക്കാന്‍ വീട്ടി‍ല്‍ അനിയത്തിയുണ്ട്‌..."


WD
ബോട്ടി‍ല്‍ വച്ചുകണ്ട പെണ്‍കുട്ടി‍യാണ്‌ രജനിയുടെ കൂട്ടു‍കാരിയെന്ന്‌ വന്നപ്പോഴാണ്‌ മനസിലായത്‌...ദൈവം തന്‍റെ മനസറിഞ്ഞതോ? ഇങ്ങനെയൊരു കണ്ടുമുട്ടല്‍ അവള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അവളുടെ മുഖത്ത്‌ ജാള്യത. രജനി പരിചയപ്പെടുത്തി.
"സര്‍, ഇതാണു പാര്‍വതി"
"ഉം"
ദേവന്‍ ഗൗരവം നടിച്ചു. അലക്‍ഷ്യമായി തലയാട്ടി‍.

രജനിയ്ക്കൊപ്പം കമ്പ്യൂട്ടറിനു മുന്നി‍ലിരിക്കുമ്പോഴും അവളുടെ നോട്ടം തന്‍റെ മേല്‍ പാളിവീഴുത്‌ ദേവന്‍ അറിയുന്നുണ്ടായിരുന്നു. അനാവശ്യമായി ഗൗരവം കാട്ടി‍യാല്‍ പിന്നീ‍ടവള്‍ വരില്ലായിരിക്കും. അതുകൊണ്ടുതന്നെ‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവളെ നോക്കിയൊന്നു ചിരിക്കാന്‍ ദേവന്‍ മറന്നില്ല. നാണത്തോടെ അവളും ചിരിച്ചു.

പിന്നീ‍ടുള്ള രണ്ടാഴ്ചകള്‍ രജനി തിരക്കിലായിരുന്നു. പാര്‍വതി രണ്ടു തവണ ഓഫീസില്‍ വന്നു വെറുതെയിരിക്കുകയും ചെയ്തു. രജനി ഇല്ലാതിരുന്നിട്ടു‍കൂടി കാര്യമായൊന്നു സംസാരിക്കാന്‍ ദേവനു കഴിഞ്ഞില്ല. അവധിയായതിനാല്‍ അനിയത്തി കുറെ ദിവസം വീട്ടി‍ലുണ്ടാവും, കുഞ്ഞിനെ നോക്കാന്‍ ആളായി എവള്‍ പറഞ്ഞു.

അടുത്ത ദിവസം പാര്‍വതി വപ്പോള്‍ കുശലം ചോദിക്കാന്‍ ദേവന്‍ സമയം കണ്ടെത്തി. അവളുടെ സംസാര രീതി ആരെയും ആകര്‍ഷിക്കും. കുട്ടി‍കളുടെ കാര്യമൊക്കെ വലിയ താത്പര്യത്തോടെയാണ്‌ അവള്‍ പറയുത്‌. അവള്‍ മറ്റൊരാളുടെ ഭാര്യയാണെതു പോലും ദേവന്‍ മറന്നു.
" പാര്‍വതീ, എനിക്കു നിന്നെ‍ വേണം..."
അവള്‍ അമ്പരപ്പോടെ നോക്കി.
" ഞാന്‍ ഉദ്ദേശിച്ചത്‌...ഞാന്‍ നിന്നെ‍ കെട്ടട്ടെ?"
അവള്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.
: സര്‍, ഞാന്‍ ഇറങ്ങുകയാണ്‌...രജനി വൈകിയേ വരൂ എന്നു തോന്നുന്നു."
മനസു തുറന്നത്‌ അല്‍പം തിടുക്കത്തിലായോ? ഇനിയവള്‍ വരില്ല.

വൈകുരേം രജനി വപ്പോള്‍ പാര്‍വതി വന്ന കാര്യം ദേവന്‍ പറഞ്ഞു.
പതിവില്ലാതെ സംസാരിച്ചതു കൊണ്ടായിരിക്കാം ദേവനോട്‌ പാര്‍വതിയെക്കുറിച്ച്‌ ചിലതൊക്കെ രജനി പറഞ്ഞു. പാര്‍വതിയുടെ ഭര്‍ത്താവ്‌ ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്‌. അവിടെ അയാള്‍ക്ക്‌ ഭാര്യയും മക്കളുമുണ്ട്‌. ഒരിക്കല്‍ ഒരു സ്ത്രീയുമായി അയാള്‍ നാട്ടി‍ലെത്തി. വീട്ടി‍ല്‍ വഴക്കായി. പിന്നീ‍ടാണ്‌ പാര്‍വതി എല്ലാമറിഞ്ഞത്‌, അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ്‌ താനെന്ന്‌. കുട്ടി‍കള്‍ക്കുവേണ്ടി എല്ലാമവള്‍ നിശബ്ദം സഹിക്കുന്നു.

"സര്‍, ഞാന്‍ ഇതൊന്നും പറ‌ഞ്ഞെന്ന് അവള്‍ അറിയേണ്ട...പിന്നെയെവള്‍ ഇവിടേയ്ക്കു വരില്ല."
അല്ലെങ്കിലും ഇനിയവള്‍ വരില്ലല്ലോ. എങ്ങനെ ഇനി അവളെയൊന്നു കാണും. അതു മാത്രമായിരുന്നു ദേവന്റെ ചിന്ത.

WD
അവളെക്കുറിച്ചുള്ള ഓര്‍മകളില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍.പക്ഷേ, ദേവനെ അദ്ഭുതപ്പെടുത്തി പാര്‍വതി വീണ്ടും ഓഫീസില്‍ വന്നു.
" ഞാന്‍ മനസിലുള്ളതു പറഞ്ഞു. അതു കാര്യമാക്കേണ്ടാ. ഞാന്‍ അങ്ങനെയാ...അതുകൊണ്ടാണോ വരാതിരുത്‌?"
" അല്ല സര്‍. ഞാന്‍ എന്‍റെ വീട്ടി‍ല്‍ പോയിരുന്നു..."
"എവിടെ?"
" വയനാട്‌"
" ആ...ഞാന്‍ ഒന്നുരണ്ടു വട്ടം വന്നിട്ടു‍ണ്ട്‌...പിന്നെ ‍...ഈ സാര്‍ വിളി ഒഴിവാക്കാം. പേരറിയില്ലേ? ദേവനാരായണന്‍. കൂടുതല്‍ അടുപ്പമുള്ളവര്‍ ദേവന്‍ എന്നു വിളിക്കും...പാര്‍വതിക്കും എന്നെ‍ അങ്ങനെ വിളിക്കാം."
അവള്‍ ചിരിച്ചു.
"പാറൂ, നീ എന്‍റേതല്ലേ?"
ദേവന്‍ അവളെ ചേര്‍ത്തു പിടിച്ചു. അവള്‍ അവനോട്‌ കൂടുതല്‍ ചേര്‍ന്നു നിന്നു.
ആരോ പടി കയറി വരു ശബ്ദം കേ'പ്പോള്‍ അവര്‍ അകന്നുമാറി.
അവള്‍ രജനിയുടെ സീറ്റിനരികെ ഇരുന്നു. ദേവന്‍ കമ്പ്യൂട്ടറില്‍ മിഴിയൂന്നി‍.
താഴെ ഹോട്ടലില്‍ നിന്ന് ചായയുമായി മുരുകന്‍ എത്തിയിരിക്കുന്നു.
" എ മുരുകാ, നലമാ?"
"ആമാ സര്‍"
അവന്‍ ചായ മേശപ്പുറത്ത്‌ വച്ചു.
"അമ്മാവുക്ക്‌ ടീ കൊട്‌"
മുരുകന്‍ അവള്‍ക്കു നേരെ ചായ നീട്ടി‍. ഗ്ലാസ്‌ പിന്നെ‍ എടുത്തോളാമെന്നു പറഞ്ഞ്‌ അവന്‍ പോയി.
"ചായ...അതോ കാപ്പിയോ ഇഷ്ടം?"
"ചായ. എത്ര കിട്ടി‍യാലും എപ്പോള്‍ കിട്ടി‍യാലും കുടിക്കും"
"ഓ"
"ഞാന്‍ വന്നിരുന്നെന്ന്‌ രജനിയോട്‌ പറയണ്ടാ".ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞു.
"അതെന്താ?"
"ഇന്നു കാണില്ലായെന്നു രജനി പറഞ്ഞിരുന്നു".
ദേവന്‍ അതിശയഭാവത്തില്‍ അവളെ നോക്കി. ചെറുതായൊന്നു ചിരിച്ച്‌ അവള്‍ ക്യാബിന്‍ വിട്ടു‍പോയി.
അല്‍പനേരം മറ്റൊരു ലോകത്തായിരുന്നു ദേവന്‍.

നാലു ദിവസത്തെ യാത്ര കഴിഞ്ഞ്‌ ഓഫീസില്‍ തിരികെ എത്തിയപ്പോള്‍ രജനിക്കൊപ്പം പാര്‍വതിയുമുണ്ടായിരുന്നു. അവള്‍ ദേവനെ ശ്രദ്ധിച്ചതേയില്ല. രജനി എന്തോ ആവശ്യത്തിനു താഴെയ്ക്കു പോയപ്പോള്‍ ദേവന്‍ ചോദിച്ചു: എന്താ കാര്യം? സീരിയസാണല്ലോ.
അവള്‍ മുഖം കോട്ടി‍
"എന്താടീ പാറൂ, കാര്യം പറയ്‌"
"എത്ര ദിവസമായി പോയിട്ട്‌...പോവുന്ന കാര്യം എന്നോടൊന്നു പറഞ്ഞതു കൂടിയില്ലല്ലോ"
രജനി കയറി വന്നതോടെ സംസാരം മുറിഞ്ഞു.

WD
പിറ്റേന്ന്‌ രജനി എത്തും മുന്‍പേ പാറു ഓഫീസിലെത്തി.
"നാലു ദിവസം എനിക്ക്‌ എന്തൊരു ടെന്‍ഷന്‍ ആയിരുന്നെന്ന്‌ അറിയാമോ?"
"പെട്ടെന്നാ‍യിരുന്നു"
"എനിക്കു കാണാതിരിക്കാന്‍ കഴിയുന്നി‍ല്ല"
"പിന്നെ‍ എനിക്കോ"
അവള്‍ കൂടുതല്‍ അടുത്തു വന്നു.
"ഞാനൊരു പൊട്ട്‌ തൊടീക്കട്ടെ?"
"പൊട്ട്‌ തൊട്ടിട്ടു‍ണ്ടല്ലോ"
"അതല്ലാ. സിന്ദൂരം അണിയിക്കട്ടെ ‍"
അവളുടെ മുഖം വാടി.
"ഏയ്‌ ഞാന്‍ വെറുതെ പറഞ്ഞതാ...അതു വിട്ടേയ്ക്ക്‌"
"അതെല്ലെടാ, ഞാന്‍ വെറുതെ മോഹിച്ചിട്ട്‌..."
"നീ എന്‍റെയൊപ്പം പോര്‌. കുട്ടി‍കളേം കൂട്ടി‍..."
അവള്‍ ഒന്നും മിണ്ടാതെ നിന്നു.
" അമ്മന്‍ കോവിലില്‍ നിന്നു കിട്ടി‍യ സിന്ദൂരം പെരുവിരലും നടുവിരലും ചേര്‍ത്ത്‌ എടുത്തു. അവള്‍ മിഴി പൂട്ടി‍ നിന്നു. ലോകത്തിലെ സകല സൂക്ഷ്മ ശക്തികളും അവര്‍ ക്കു ചുറ്റും ഒന്നി‍ച്ചു. അവനവള്‍ക്ക്‌ സിന്ദൂരം ചാര്‍ത്തി.
ദേവന്റെ വിരലുകളില്‍ പറ്റിയിരു സിന്ദൂരം അവള്‍ സാരിത്തുമ്പു കൊണ്ട്‌ തുടച്ചു.ഒരിക്കലും പിരിയാനാവാത്ത വിധം അടുത്തു കഴിഞ്ഞതായി അവര്‍ തിരിച്ചറിഞ്ഞു.
ബീര്‍ പാര്‍ലറില്‍ ഹരിയുമായി സംസാരിച്ചിരിക്കെ സെല്‍ഫോണ്‍ വിറച്ചു. പാര്‍വതിയാണ്‌. കൊച്ചിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമെന്ന്‌ ഇന്നലെ അവള്‍ സൂചിപ്പിച്ചിരുന്നു.
"അമ്മ വീട്ടി‍ലേയ്ക്ക്‌ മടങ്ങണമെന്ന്‌ ശാഠ്യം പിടിച്ചു. അനിയന്‍ അമ്മയുമായി തിരികെപ്പോയി."
"ഹോട്ടലില്‍ നീ ഒറ്റയ്ക്ക്‌?"
"ബന്ധുക്കള്‍ അടുത്ത മുറികളില്‍ ഉണ്ടല്ലാ"
"മനു?"
"അവന്‍ പാലുകുടി കഴിഞ്ഞ്‌ ദാ ഉറങ്ങി"
"ആ"
"നീ വരുമോടാ?"
അങ്ങനെയൊരു ചോദ്യം ദേവന്‍ പ്രതീക്ഷിച്ചതല്ല.
ട്രെയിന്‍ യാത്രയ്ക്കിടെ ദേവന്‍ റൂം നമ്പര്‍ ഒക്കെ ചോദിച്ചു മനസിലാക്കി. വിവാഹത്തിനെത്തിയവര്‍ താമസിക്കുതിനാല്‍ ലിഫ്റ്റ്‌ കയറിപ്പോയ ദേവനെ ആരും ശ്രദ്ധിച്ചുമില്ല.
14 എ യ്ക്കു മുന്നി‍ലെത്തി അവളെ മൊബൈലില്‍ വിളിച്ചു. വാതില്‍ തുറന്ന പാര്‍വതിയുടെ മുഖത്ത്‌ പരിഭ്രമം. ദേവനാരായണന്‍ മുറിക്കുള്ളില്‍ കടന്നു. പാര്‍വതിയുടെ ബാഗ്‌ വലിച്ചിഴച്ച്‌ നടക്കുകയാണ്‌ മനു.
"പാറൂ, നിനക്കെന്തു പറ്റി?"
അവള്‍ ഒന്നു മിണ്ടാതെ നിന്നു.
ഇടയ്ക്ക്‌ ആഹാരം കഴിക്കാന്‍ അവളെ ആരോ വന്നു വിളിച്ചു. ദേവനും മുറിക്കു പുറത്തിറങ്ങി.
തിരികെ എത്തിയപ്പോള്‍ മനു വിരല്‍ കുടിച്ച്‌ ഉറങ്ങുന്നു. പാര്‍വതിയുടെ പരിഭ്രമം മാറിയിട്ടു‍ണ്ട്‌. ഇത്രയുമടുത്തിങ്ങനെ നില്‍ക്കുമ്പോള്‍...അവള്‍ക്കു നാണം. ദേവന്‍ അവളെ ഇറുകെ പുണര്‍ന്നു. മുല്ലപ്പൂവിന്‍റെ ഗന്ധം മുറിയിലാകെ.

കാറ്റടിച്ച്‌ കര്‍ട്ടന്‍ അകന്നു മാറുമ്പോള്‍ സ്ട്രീറ്റ്‌ ലൈറ്റിന്‍റെ വെള്ളിവെളിച്ചം അവളുടെ മുഖത്ത്‌ വീഴും. ഇതാണ്‌ അഭൗമ സൗന്ദര്യം! പൂജാ മുറിയിലെ ദേവീവിഗ്രഹത്തിനും ഇതേ തേജസല്ലേ? അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ദേവനാരായണന്‍ അവളുടെ കണ്ണൂകളില്‍ ഉമ്മ വച്ചു. കഴുത്തിലെ മറുകില്‍ നാവുരസി. ഉറങ്ങാതെ കിടന്നു പരസ്പരം കഥകള്‍ പങ്കു വയ്ക്കുതിനിടെ അവള്‍ ചോദിച്ചു.
"നീ പാറൂന്‍റെ ദേവനല്ലേടാ?"
"പിന്നല്ലാതെ.."
അവള്‍ ചിരിച്ചു.
പുലര്‍ച്ചെ ദേവന്‍ മടങ്ങിപ്പോരുകയും ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ തിരികെ എത്തിയ പാര്‍വതി ദേവനെ വിളിച്ചു. ഉടനേ അവള്‍ക്ക്‌ അവനെ കാണണം. പ്രണയം ഇങ്ങനെയൊക്കെയാണ്‌. ആരെയെന്നോ എങ്ങനെയെന്നോ എന്തിനെന്നോ ഒന്നും മനസിലാവാതെ അതു വേഗം കീഴ്പ്പെടുത്തും. പരസ്പരം കാണാതെ, മിണ്ടാതെ ഇരിക്കാന്‍ ആവില്ലന്നു മനസിലാക്കിയപ്പോള്‍ ദേവന്‍ അവളെ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു.
അവള്‍ ഒരുക്കമായിരുന്നി‍ല്ല.
"ദേവാ, നിന്‍റെ അച്ഛനും അമ്മയും എന്നെ‍ ശപിക്കും?"
"എന്തിന്‌?"
"നിനക്കു ഞാന്‍ പോരാ"
"നിനക്ക്‌ എന്നോടുള്ള സ്നേഹം സത്യമല്ലേ?"
"അതെ"
"പിന്തൊ...എന്നെ‍ അവര്‍ ക്കു മനസിലാകും....ഇന്നു രാവിലെ ചെന്നൈയില്‍ നിന്നും വിളിച്ചു..ഇവിടുത്തെ ഓഫീസിലെ ജോലികള്‍ അടുത്ത ആഴ്ചയോടെ അവസാനിക്കുന്നു."
"അപ്പോള്‍ നമ്മള്‍ ഇനി?"
"ഇങ്ങനെ തുടരാന്‍ എനിക്കു താത്പര്യമില്ല...നീ എന്റെയൊപ്പം വരണം!"
ഒന്നും മിണ്ടാതെ അവള്‍ നിന്നു.
"മറ്റന്നാള്‍ നമ്മള്‍ പോവുന്നു...നീ കുട്ടി‍കളുമായി വരണം. വൈകിട്ട്‌ 6:30 നാണ്‌ ട്രെയിന്‍...ഞാന്‍ ഇന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യും. 5:45 നല്ലേ അവിടെ നിന്നു ബോട്ടു‌ വരുന്നത്‌...നീ അതില്‍ വാല്‍ മതി. ഞാന്‍ കടവില്‍ കാത്തു നില്‍ക്കാം."

ഒടുവില്‍ അവള്‍ പറഞ്ഞു: ഞാന്‍ വരാം...

ഇപ്പോള്‍ ബോട്ട്‌ യാത്ര തുടങ്ങിയിട്ടു‍ണ്ടാവും. അതിനിടെ ഒരു എസ്‌.എം.എസ്‌. പാറുവിന്റെയാണ്‌. 'മുങ്ങി താണുകൊണ്ടിരിക്കുന്ന വള്ളത്തില്‍ ദേവന്‍ കയറേണ്ടാ' എന്ന്‌. തന്നെ‍ അവള്‍ക്ക്‌ വേണ്ടാ എന്നാ‍ണോ അതിനര്‍ത്ഥം? വെറുതെ തന്നെ‌ കബളിപ്പിക്കാനാവും.

ബോട്ടിന്‍റെ ഇരമ്പല്‍ അടുത്തു വരുന്നു...ദേവന്‍ ബാഗ്‌ ഒക്കെ അടുക്കി തയാറായി നിന്നു.