വിദേശ മലയാളികള്‍ മനസ് വച്ചാല്‍ കേരളം ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറും: സുരേഷ് പ്രഭു
തിങ്കള്‍, 22 ജൂണ്‍ 2015 (10:22 IST)
വിദേശ മലയാളികള്‍ മനസ് വച്ചാല്‍ കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറുമെന്ന്
കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. ജൂലൈ 23 മുതല്‍ 25വരെ കൊച്ചിയില്‍ നടക്കുന്ന മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഇന്‍ കേരള സമ്മിറ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുന്നതിന് മലയാളികള്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും കേരളത്തിനു ആവശ്യത്തിലധികം പ്രകൃതി മൂലധനവും മാനവവിഭവശേഷിയുമുണ്ട്. മലയാളികളുടെ കഴിവുകള്‍ വിശ്വ പ്രസിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയെ നയിക്കുന്നത് തന്നെ മലയാളികളാണ്. ഇവരെല്ലാം കേരളത്തിലേക്ക് തിരിച്ച് വന്ന് സംരംഭകരാകണമെന്നും സുരേഷ് പ്രഭു ആവശ്യപ്പെട്ടു. ഏതുതരം സംരംഭം തുടങ്ങാനും കഴിയുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. പക്ഷെ മലയാളികളുടെ മനോഭാവവും രാഷ്ട്രീയ വിദ്വേഷവും മാറ്റണം. ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന കനത്ത വെല്ലുവിളി. അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല അത് രാജ്യത്തെല്ലായിടത്തും എത്തിക്കുക എന്നതും വെല്ലുവിളിയാണ്.
ഉത്പാദന മേഖല കാര്യക്ഷമമായാല്‍ മാത്രമേ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് വര്‍ധിക്കൂ. ആഭ്യന്തര ഉത്പാദന വളര്‍ച്ച സുസ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ ഉത്പാദന മേഖല ശക്തിപ്പെടണം. ഉത്പാദനം വര്‍ധിച്ചാല്‍ കാര്‍ഷിക മേഖലയും വളരും. സംസ്ഥാനങ്ങളില്‍ ഉദ്പാദനം ആരംഭിച്ചാലേ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം ഫലപ്രദമാകൂ. അതിനുള്ള മുന്നേറ്റം കേരളത്തില്‍ നിന്ന് തുടങ്ങണമെന്നും സുരേഷ് പ്രഭു ആഹ്വാനം ചെയ്തു. ജൂലായ് 23 മുതൽ 25 വരെ കലൂർ ജവർലർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് മെയ്‌ക്ക് ഇൻ കേരള സമ്മിറ്റ് നടക്കുക. 23ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.