മാരുതിയുടെ പ്രീമിയം സെഡാന്‍ സിയാസിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പനയ്ക്ക് തയ്യാറെടുക്കുന്നു. 2014 ഒക്ടോബറില്‍ വിപണിയിലെത്തിയ വാഹനത്തിന്റെ രണ്ടാം പതിപ്പാണ് ഉടന്‍ തന്നെ വിപണിയിലെത്തുക. 8.5 ലക്ഷം മുതല്‍ 11.5 ലക്ഷം വരെയായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യത്തെ സിയാസില്‍ നിന്നും വ്യത്യതമായി കൂടുതല്‍ പ്രീമിയം ലുക്കിലായിരിക്കും പുതിയ ഈ സെഡാന്‍ എത്തുക. മുന്‍വശത്തെ ഗ്രില്‍, ബമ്പര്‍ എന്നിവയില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ പുതിയ അലോയ് വീലുകള്‍, ഡേടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രോണിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ പുതിയ സിയാസിലുണ്ടാകും. ഉള്‍ഭാഗത്തിനും കൂടുതല്‍ പ്രീമിയം ഫിനിഷുണ്ടാകുമെന്നാണ് സൂചന.
നിലവിലെ 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് പകരം 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ സെഡാന് ക്കരുത്തേകുക. ഓട്ടോമാറ്റിക്ക് വകഭേദത്തിലും പെട്രോള്‍ മോഡല്‍ വിപണിയിലെത്തും. അതേസമയം നിലവിലെ സിയാസിലുള്ള 1.3 ലീറ്റര്‍ ഡീസം എന്‍ജിന്‍ തന്നെയായിരിക്കും ഡീസല്‍ മോഡലിന് കരുത്തേകുക. നിലവില്‍ എസ് ക്രോസും, ബലേനോയും മാത്രമാണ് നെക്‌സ വഴി മാരുതി വില്‍ക്കുന്നത്.