മാരുതി തന്നെയാണ് മുന്നില്‍

ചൊവ്വ, 22 ജൂലൈ 2014 (10:53 IST)
രാജ്യത്ത് ജനപ്രിയതയില്‍ മാരുതിയുടെ അപ്രമാദിത്യത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല എന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച 10 മോഡലുകളില്‍ ആദ്യത്തെ നാലെണ്ണവും മാരുതി സുസുക്കിയുടെ കാറുകളാണ് എന്നത് ഇക്കാര്യത്തിന് അടിവരയിടുന്നു.
 
ഹ്യുണ്ടായിയും ഹോണ്ടാ സിറ്റിയുമാണ് അഞ്ചും ആറും സ്ഥാനത്ത് വരുന്നത്. കഴിഞ്ഞ പാദത്തില്‍ 56,335 കാറുകള്‍ വിറ്റഴിച്ച മാരുതി ഓള്‍ട്ടോയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വന്ന കോംപാക്ട് സെഡാന്‍ വിഭാഗത്തിലുള്ള സ്വിഫ്റ്റ് ഡിസയര്‍ 50,951 എണ്ണമാണ് വിറ്റഴിക്കപ്പെട്ടത്. 
 
കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള സ്വിഫ്റ്റ് 47,442 യൂണിറ്റുകള്‍ വിറ്റ് മൂന്നാം സ്ഥാനത്താണ്. പക്ഷേ, ഇതിന്റെ വില്പന മുന്‍ വര്‍ഷം ഇതേ കാലയളവിലെ 48,120-ല്‍ നിന്ന് താഴ്ന്നിട്ടുണ്ട്. നാലാം സ്ഥാനത്ത് വന്ന വാഗണാറിന്റെ വില്‍പ്പന 35,141 യൂണിറ്റില്‍ നിന്ന് 38,156 ആയി ഉയര്‍ന്നിട്ടുണ്ടുമുണ്ട്. 
 
അഞ്ചാം സ്ഥാനത്ത് വന്ന ഹ്യുണ്ടായി മൂന്നു മാസം കൊണ്ട് വിറ്റത് 26,830 ഗ്രാന്‍ഡ് ഐ 10 ആണ്.  ഹോണ്ട സിറ്റി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതിന്റെ വില്പന 6,949 യൂണിറ്റുകളില്‍ നിന്ന് 21,985 യൂണിറ്റുകളായി വര്‍ധിച്ചതോടെയാണ് ഇത്. ഹ്യുണ്ടായ് എക്‌സെന്റ് (21,524), ഹ്യുണ്ടായ് ഇയോണ്‍ (19,379), മാരുതി സെലേറിയോ (16,541), ഹോണ്ട അമേയ്‌സ് (15,853) എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റു മോഡലുകള്‍. 
 

വെബ്ദുനിയ വായിക്കുക