പീപ്പിള്‍സ്‌ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു

വ്യാഴം, 15 നവം‌ബര്‍ 2007 (12:24 IST)
PRDPRD
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപ്ലൈകോയുടെ ആദ്യ സ്ഥിരം പീപ്പിള്‍സ്‌ ബസാര്‍ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു.

ഭക്‍ഷ്യ സിവില്‍ സപ്ലൈസ്‌ ഉപഭോക്തൃകാര്യ മന്ത്രി സി. ദിവാകരന്‍ ബസാര്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്ക്‌ കീഴില്‍ പരമാവധി വില കുറച്ചു വില്‍ക്കുന്ന മാതൃകാ സ്ഥാപനങ്ങളാക്കി പീപ്പിള്‍സ്‌ ബസാറുകളെ ഉയര്‍ത്തുകയാണ്‌ സര്‍ക്കാരിന്‍റെ ലക്‍ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു.

സ്ഥിരം പീപ്പിള്‍സ്‌ ബസാറുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണ്‌. ചില്ലറ വില്‍പ്പന രംഗത്ത്‌ കുത്തകകളുടെ കടന്നുകയറ്റം പൊതുവിപണന ശൃംഖല ശക്തിപ്പെടുത്തി നേരിടാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ്‌ പൗള്‍ട്രി ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, മീറ്റ്‌ പ്രോഡക്ട്സ്‌ ഓഫ്‌ ഇന്ത്യ, മില്‍മ, കയര്‍ഫെഡ്‌, ക്ഷീരവികസന വകുപ്പ്‌, കേരഫെഡ്‌, കുടുംബശ്രീ തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങളും, പാലും പച്ചക്കറികളും ഇവിടെ വില്‍പ്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്‌ എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എല്‍.എ.മാരായ വി. ശിവന്‍കുട്ടി, വി. സുരേന്ദ്രന്‍ പിള്ള, സപ്ലൈകോ ചെയര്‍മാന്‍ യോഗേഷ്ഗുപ്ത എന്നിവര്‍ സംബന്ധിച്ചു.

വെബ്ദുനിയ വായിക്കുക