ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബിന്റെ വീട് ചരിത്രസ്മാരകമാക്കും

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (09:04 IST)
PRO
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗ്യാരേജ് ഏതാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു. ഈ അഡ്രസ്സ്- 2066 ക്രിസ്റ്റ് റൈവ്, ലോസ് ആള്‍ടോസ്, കാലിഫോര്‍ണിയ.

കാരണം ആപ്പിള്‍ കമ്പ്യൂട്ടറിന് സ്റ്റീവ് ജോബ് തുടക്കമിട്ടത് ഈ വീട്ടിലെ ഗ്യാരേജില്‍ നിന്നായിരുന്നു. ആപ്പിളിന്റെ സ്ഥാപകരില്‍ ഒരാളായ സ്റ്റീവ് ജോബ്‌സ് വളര്‍ന്ന വീടും ഇത് തന്നെയാണ്. ഈ വീട് ഇനിമുതല്‍ നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും.

ലോസ് ആള്‍ട്ടോസ് നഗരത്തിലെ ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ ഈ വീട് ചരിത്രസ്മാരകമാക്കാന്‍ ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനമെടുത്തത്.

1968-ല്‍ ആണ് ജോബ്‌സും അദ്ദേഹത്തിന്റെ വളര്‍ത്തുമാതാപിതാക്കളും ഈ വീട്ടില്‍ താമസമാരംഭിക്കുന്നത്. നിലവില്‍ ഇത് ജോബ്‌സിന്റെ സഹോദരി പെട്രീഷ്യ ജോബ്‌സിന്റെ ഉടമസ്ഥതയിലാണ്.

സഹോദരിയുടെയും ആപ്പിള്‍ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിയാകിന്റെയും സഹായത്തോടെ ആദ്യത്തെ നൂറ് ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ സ്റ്റീവ് ജോബ്‌സ് നിര്‍മിച്ചത് ഈ വീട്ടില്‍ വെച്ചാണ്. ഇതില്‍ അന്‍പതെണ്ണം മൗണ്ടന്‍ വ്യൂ ഷോപ്പില്‍ വിറ്റു. ഒരെണ്ണത്തിന് അഞ്ഞൂറ് ഡോളറായിരുന്നു വില.

1976-ല്‍ ആപ്പിളിന്റെ ആദ്യനിക്ഷേപകരുമായി ചര്‍ച്ച നടത്തിയതും ആദ്യ പങ്കാളിത്ത കച്ചവടം ഉറപ്പിച്ചതും ഈ വീട്ടിലാണ്. പിന്നീടാണ് സമീപത്തുള്ള കുപ്പര്‍ത്തീനോയിലേയ്ക്ക് കമ്പനി മാറിയത്.

വെബ്ദുനിയ വായിക്കുക