ഏവരും ഉറ്റുനോക്കുന്ന ഒരു മോഡലാണ് ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പുറത്തിറക്കുന്ന സ്വിഫ്റ്റ്. ഇപ്പോള്‍ ഇതാ അതേ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പുമായി സുസുക്കി എത്തുന്നു. എസ്ജി, എസ്എൽ എന്നീ രണ്ട് വകഭേദങ്ങളിലാണ് ജാപ്പനീസ് വിപണിയില്‍ സുസുക്കി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലീറ്ററിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ഹാച്ചിന് ഏകദേശം 9.44 ലക്ഷം മുതല്‍ 11.06 ലക്ഷം രൂപവരെയായിരിക്കും വിലയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
1.2 ലീറ്റർ പെട്രോൾ എൻജിൻ വകഭേദത്തിലാണ് സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 91 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുന്ന ഈ എൻജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റർ യൂണിറ്റും ഈ ഹൈബ്രിഡ് പതിപ്പിലുണ്ടാകും. അടുത്ത വർഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന ഈ മോഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് ലഭിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും.
സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന് കമ്പനി നല്‍കിയിരിക്കുന്നത്. അടിമുടി മാറിയ അകത്തളമായിരിക്കും പുതിയ കാറില്‍ ഉണ്ടായിരിക്കുക. പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. വിപണിയിലെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റുമെല്ലാം ഈ പുതിയ സ്വിഫ്റ്റിലും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.