ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ ശ്രദ്ധേയമായ ആഫ്രിക്കന്‍ വാദ്യം വുവുസെല രോഗം പരത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വായുവിലൂടെ പകരുന്ന ക്ഷയം, വൈറല്‍ പനി എന്നീ രോഗങ്ങള്‍ വുവുസെല പരത്തുമെന്നാണു കണ്ടെത്തല്‍. ലണ്ടന്‍ സ്കൂള്‍ ഒഫ് ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനിലെ വിദഗ്ധന്‍ ഡോ റൂത് മക്നെര്‍നിയുടെ പഠന റിപ്പോര്‍ട്ടിലാണു ഇക്കാര്യം പറയുന്നത്.
വുവുസെല ഊതുമ്പോള്‍ കുഴലിലൂടെ പുറത്തുവരുന്ന ഉമിനീരിലൂടെയാണു രോഗങ്ങള്‍ പകരുന്നത്. ഇതു ശബ്ദത്തോടൊപ്പം നാലു ലക്ഷത്തോളം രോഗാണുക്കളെ പുറത്തേക്കു വിടും. രോഗബാധിതനായ ഒരാള്‍ വുവുസെല മുഴക്കുമ്പോള്‍ രോഗം വായുവിലൂടെ മറ്റുളളവരിലേക്കു പകരുമെന്നുമാണ് പഠനത്തില്‍ വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം മൂന്നടി നീളവും 140 ഡെസിബല്‍ ശബ്ദവും മുഴക്കാന്‍ കഴിയുന്നതാണ് വുവുസെലയെന്ന കുഴല്‍വാദ്യം. വുവുസെല ആരോഗ്യപ്രശ്നവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നതായി കഴിഞ്ഞ ലോകകപ്പിനിടയില്‍ പരാതി ഉയര്‍ന്നിരുന്നു.