ആധികാരിക വിജയങ്ങളോടെ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടറിലെത്തിയതോടെ ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെ പരിശീലകരെല്ലാം ഇപ്പോള്‍ പറയുന്നത് മറഡോണയെ കണ്ട് പഠിക്കൂ എന്നാണ്. യോഗ്യതാ മത്സരങ്ങളില്‍ തപ്പിത്തടഞ്ഞപ്പോള്‍ കല്ലെറിഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ മറഡോണയെ മാതൃകയാക്കാന്‍ പറയുന്നതെങ്കിലും കോച്ചിംഗില്‍ മറഡോണ മാതൃകയാക്കുന്ന ഒരു പരിശീലകനുണ്ട്. വേറെ ആരുമല്ല. ക്ലബ് ഫുട്ബോള്‍ രംഗത്തെ സൂപ്പര്‍ പരിശീലകന്‍ ജോസ് മൌറീഞ്ഞൊ.
നോക്കൌട്ട് ഘട്ടത്തിലെ തന്ത്രങ്ങള്‍ മെനയാനായി താന്‍ മൌറീഞ്ഞോയുടെ സഹായം തേടുമെന്ന് മറഡോണ തന്നെ വ്യക്തമാക്കുകയും ചെയ്തു. ‘മൌറീഞ്ഞോയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ തമ്മില്‍ ഫുട്ബോളിനെപ്പറ്റി മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. ആക്രമണത്തെയും പ്രതിരോധത്തെപ്പറ്റിയുമെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്.
എന്ത് സഹായവും ചെയ്യാന്‍ എപ്പോഴും അദ്ദേഹം സന്നദ്ധനാണ്. അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ എന്‍റെ കൈവശമുണ്ട്. തീര്‍ച്ചയായും പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി ഞാന്‍ അദ്ദേഹത്തെ വിളിക്കും’-മറഡോണ പറഞ്ഞു.
എന്നാല്‍ ഇന്‍റര്‍ മിലാന്‍ പരിശിലകനായിരുന്ന മൌറീഞ്ഞോ ചാമ്പ്യന്‍സ് ലീഗില്‍ സ്വീകരിച്ച പ്രതിരോധ തന്ത്രമായിരികുമോ മറഡോണ മെക്സിക്കോയ്ക്കെതിരെ സ്വീകരിക്കുക എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ഇതിഹാസ താരത്തിന്‍റെ മറുപടി. പ്രതിരോധ തന്ത്രമാണെങ്കിലും മൌറിഞ്ഞോ കിരീടം നേടിയെന്ന് വ്യക്തമാക്കാനും മറഡോണ മറന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍ററിനെ ചാമ്പ്യന്‍മാരാക്കിയ മൌറീഞ്ഞോ ഇപ്പൊള്‍ റയല്‍ മാഡ്രിഡിന്‍റെ പരിശീലകനാണ്.