മധുരമുള്ള പരാജയമെന്ന് മൌറീഞ്ഞോ

വ്യാഴം, 29 ഏപ്രില്‍ 2010 (16:16 IST)
PRO
ഇത് തന്‍റെ ജീവിതത്തിലെ ടവും മധുരമുള്ള പരാജയമാണെന്ന് ഇന്‍റര്‍മിലാന്‍ പരിശീ‍ലകന്‍ ജോസ് മൌറീഞ്ഞോ. ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ ബാര്‍സലോണയോട് 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മൌറീഞ്ഞൊ. 10 പേരായി ചുരുങ്ങിയിട്ടും ഒരു മണിക്കൂറോളം ഒരു ഗോളി കൂടുതല്‍ നേടാന്‍ ബാര്‍സയെ അനുവദിക്കാതെയാണ് ഇന്‍റര്‍ വിജയക്കൊടി നാട്ടിയത്.

മത്സരത്തിലുടനീളം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മൌറീഞ്ഞോ സമ്മതിച്ചു. ബാര്‍സയെപ്പോലൊരു ടീമിനെതിരെ 10 പേരായി ചുരുങ്ങിയിട്ടും ഫൈനലില്‍ എത്താനായി എന്നത് അത്ഭുതമെന്നേ പറയാനാവു. ഇതെന്‍റെ ജീവിതത്തിലെ ഏറ്റവും മധുരതരമായ പരാജയമാണ്. എങ്കിലും ഞങ്ങള്‍ പരാജയം അര്‍ഹിച്ചിരുന്നില്ല. തന്ത്രപരമായും പ്രതിരോധത്തിലും ഞങ്ങള്‍ മികച്ചവരായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമായ ബാര്‍സയ്ക്കെതിരേ 10 പേരുമായി ഒരു മണിക്കൂറോളം പിടിച്ചു നില്‍ക്കുക എന്നത് എളുപ്പമല്ല.

അവര്‍ പന്ത് കൈവശം വെയ്ക്കുന്നത് തടയാനയതാണ് ഞങ്ങളുടെ വിജയം. മത്സരത്തിലുടനീളം ബാര്‍സയെ പ്രകോപിപ്പിച്ചും ഇന്‍റര്‍ കളിക്കാരെ പ്രചോദിപ്പിച്ചും മൌറീഞ്ഞോ സൈഡ് ബെഞ്ചില്‍ സജീവമായിരുന്നു. ഇടയ്ക്ക് മൌറീഞ്ഞോയുടെ ഇടപെടല്‍ അധികമായപ്പോള്‍ റഫറി കളി നിര്‍ത്തിവെച്ച് താക്കീത് നല്‍കുകയും ചെയ്തു. മത്സര ശേഷം മൌറീഞ്ഞോ ബാര്‍സ ബെഞ്ചിനു നേരെ വിരല്‍ ചൂണ്ടിയതും വിവാദമായി.

മത്സരം പൂര്‍ത്തിയാക്കിയതോടെ കളിക്കാരുടെ അടുത്തേക്ക് ഓടിയടുത്ത മൌറീഞ്ഞോ ഇടയ്ക്ക് ബാര്‍സ ഗോളി വിക്ടര്‍ വാല്‍ഡസുമായി ഒന്ന് ഉരസുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. എല്ലാം ജയിക്കുന്ന ടീമിന് എങ്ങനെ തോല്‍ക്കണമെന്ന് അറിയില്ലെന്നായിരുന്നു ഇതിനെക്കുറിച്ച് മൌറീഞ്ഞോയുടെ കമന്‍റ്.

വെബ്ദുനിയ വായിക്കുക