അര്‍ജന്റീനയില്‍ സംഘര്‍ഷത്തിനു പേരുകേട്ട ബൊക്ക ജൂനിയേഴ്സ്-റിവര്‍പ്ലേറ്റ് പോരാട്ടം വീണ്ടും തമ്മില്‍ത്തല്ലിലും സംഘര്‍ഷത്തിലും പടക്കമേറിലും കലാശിച്ചു. അര്‍ജന്റീന ഫുട്ബോള്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു സംഘര്‍ഷം.
45 സെക്കന്‍ഡിനുള്ളില്‍ ഗോള്‍വീണ മത്സരത്തില്‍ ആദ്യപകുതിക്കുശേഷമായിരുന്നു ആരാധകരുടെ ആവേശം അതിരുവിട്ടത്. പിന്നാലെ കളിക്കാര്‍, കോച്ചുമാര്‍, റഫറി എന്നിവരെല്ലാം തമ്മിലുള്ള വാക്കേറ്റം അതിരുകടന്നപ്പോള്‍ പൊലീസിന് ഇടപെടേണ്ടിവന്നു. കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ബൊക്കയുടെ തട്ടകമായ ലാ ബൊംബോനെര സ്റ്റേഡിയത്തിലായിരുന്നു മത്സരം. റിവര്‍പ്ലേറ്റിനുവേണ്ടി മാനുവല്‍ ലാന്‍സീനിയാണ് 45 സെക്കന്‍ഡിനുള്ളില്‍ ഗോള്‍ നേടി ചരിത്രംകുറിച്ചത്. തൊട്ടുപിന്നാലെ സില്‍വ ഒലിവേര ബൊക്കയ്ക്കുവേണ്ടി ഗോള്‍ മടക്കുകയുംചെയ്തു. രണ്ടാംപകുതി 10 മിനിറ്റായപ്പോഴേക്കും സംഘര്‍ഷം തുടങ്ങി.
റിവര്‍ കോച്ച് റാമണ്‍ ഡയസ് റഫറിയെ അധിക്ഷേപിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഡയസിനെ കളത്തിനരികില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനിടെ ബൊക ആരാധകര്‍ റിവര്‍ ഗോളിയെ ചീത്തവിളിക്കുകയും മൈതാനത്തേക്ക് പടക്കങ്ങളെറിയുകയും ചെയ്തു.
ഗോളി മാര്‍സലോ ബാറോവെറോ ഈ അവസ്ഥയില്‍ കളിക്കാന്‍ കഴിയില്ലെന്ന് റഫറിയെ അറിയിക്കുകയായിരുന്നു. പൊലീസ് ഇറങ്ങി ആരാധകരെയും കളിക്കാരെയും ശാന്തമാക്കിയശേഷമായിരുന്നു കളി പുനരാരംഭിച്ചത്. 1968ല്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയപ്പോള്‍ 71 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. 150 പേര്‍ക്ക് പര്‍ക്കുമേറ്റു.