ജയറാമോ കെ‌സി‌എയോ ശരി?

ശനി, 8 ജനുവരി 2011 (15:34 IST)
PRO
ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‌ അംഗീകാരം നല്‍കുന്ന കാര്യം പരിശോധനയ്ക്ക്‌ ശേഷം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേശിന്‍റെ വാദമാണോ കെ സി എയുടെ വാദമാണോ ശരിയെന്ന്‌ പരിശോധിക്കുമെന്നും വി എസ് അറിയിച്ചു.

ഇടക്കൊച്ചി സ്റ്റേഡിയത്തിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ജയറാം രമേശ് ഇന്നലെ വ്യക്തമാക്കിയിരുന്നു. തീരദേശമേഖല സംരക്ഷണ നിയമമനുസരിച്ച് സ്റ്റേഡിയത്തിനെതിരെ പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടക്കൊച്ചി പാമ്പായി മൂലയിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയവും കായിക സമുച്ചയവും പണിയാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിടുന്നത്. സ്റ്റേഡിയത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതില്‍ ജയറാം രമേശ് അത്ഭുതം പ്രകടിപ്പിക്കുകയായിരുന്നു.

തീരദേശ നിയമത്തിലെ സി ആര്‍ ഇസെഡ് ഒന്ന് കാറ്റഗറിയില്‍ പെടുന്ന കണ്ടല്‍ക്കാടുകളുള്ള പ്രദേശത്താണ് സ്റ്റേഡിയം പണിയുന്നതെന്നും നിരന്തരം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന സ്ഥലമാണിതെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായിരുന്നു. കേരള സംസ്ഥാനജൈവ വൈവിധ്യ സംരക്ഷണ നിയമ പ്രകാരം കണ്ടല്‍െച്ചടികള്‍ വെട്ടി നശിപ്പിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങിയിരിക്കണം. ഇത് ഇവിടെ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

വെബ്ദുനിയ വായിക്കുക