ഒയാസിസ് അര്‍ജന്‍റീനയ്ക്ക് വേണ്ടി പാടണം: മെസ്സി

ബുധന്‍, 23 ജൂണ്‍ 2010 (18:10 IST)
PRO
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് മുത്തമിടാനായാല്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് ഒരു ആഗ്രഹമുണ്ട്. പ്രശസ്ത ഇംഗ്ലീഷ് റോക് ബാന്‍ഡായ ഒയാസിസ് സംഘത്തെക്കൊണ്ട് അര്‍ജന്‍റീനയ്ക്ക് വേണ്ടി ഒരു ഗാനമാലപിക്കുക. അര്‍ജന്‍റീനയുടെ വിജയാഘോഷത്തില്‍ ഒയാസിസും ഉണ്ടാവണമെന്നാണ് മെസ്സിയുടെ ആഗ്രഹം.

‘ഡോണ്ട് ബിലീവ് ദ ട്രൂത്ത്’ എന്ന വമ്പന്‍ ഹിറ്റിന്‍റെ അണിയറക്കാരായ ഒയാസിസ് ബാന്‍ഡിനെക്കുറിച്ച് അടുത്തിടെ മാത്രമാണ് മെസ്സി കേട്ടത്. സഹതാരം കാര്‍ളോസ് ടെവസാണ് ഒയാസിസിന്‍റെ സംഗീതമൊന്നു കേട്ടു നോക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വിമാനത്തില്‍ വെച്ച് മെസ്സിയോട് ആവശ്യപ്പെട്ടത്. പാട്ട് കേട്ടതോടെ ഒയാസിസിലെ ഗായക സഹോദരരായ ലിയാം, നോയല്‍ ഗല്ലഗര്‍മാരുടെ കടുത്ത ആരാധകനായി മാറി മെസ്സി.

താന്‍ കേട്ടതില്‍ വെച്ചേറ്റവും ആസ്വാദ്യകരമായ സംഗീതമായിരുന്നു ഒയാസിസിന്‍റേതെന്ന് മെസ്സി പറഞ്ഞു. അവര്‍ ശരിക്കും എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അവിശ്വസനീയമാണ് അവരുടെ സംഗീതം നല്‍കുന്ന അനുഭൂതി. ഇപ്പോള്‍ മത്സരത്തിനായി ഗ്രൌണ്ടിലെത്തുമ്പോഴും തിരിച്ചുള്ള യാത്രയിലുമെല്ലാം സ്വന്തം ഐ പോഡില്‍ ഒയാസിസിന്‍റെ ഗാനങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് മെസ്സിയുടെ നടപ്പ്.

യുട്യൂബില്‍ ഒയാസിസിന്‍റെ സംഗീതനിശയുടെ വീഡിയോ കണ്ട് അത്ഭുതപ്പെട്ട മെസ്സി മാഞ്ചസ്റ്ററില്‍ ചെന്ന് അവരെ നേരില്‍ കാണണമെന്ന് ടെവസിനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഒയാസിസ് സംഘം പിരിച്ചുവിട്ടുവെന്നായിരുന്നു ടെവസിന്‍റെ മറുപടി. അതുകൊണ്ട് തന്നെയാണ് ഒയാസിസ് ഒരിക്കല്‍ കൂടി അര്‍ജന്‍റീനയുടെ വിജയാഘോഷത്തില്‍ പാടണമെന്ന് മെസ്സി ആഗ്രഹിക്കുന്നതും. 1991ല്‍ മാഞ്ചസ്റ്ററില്‍ രൂപം കൊടുത്ത ഒയാസിസ് പിരിച്ചുവിടുകയാണെന്ന് കഴിഞ്ഞ വര്‍ഷം നോയല്‍ ഗല്ലഗര്‍ പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക