പുരുഷന്‍‌മാരേ, സ്ത്രീകളുടെ ലൈംഗിക ചിന്തകളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം!

ശനി, 27 ഒക്‌ടോബര്‍ 2018 (16:17 IST)
സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തെ കുറിച്ച് തനിക്ക് എല്ലാം നന്നായി അറിയാമെന്നാണ് പലപ്പോഴും പുരുഷന്‍റെ വിചാരം. വായിച്ചും അറിഞ്ഞും അനുഭവിച്ചും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങള്‍ ഒരു വിജ്ഞാന കോശം പോലെ പുരുഷന്‍ ചുമന്നുകൊണ്ട് നടക്കുന്നു. പക്ഷേ അവനറിയുന്നില്ല, അടിസ്ഥാനപരമായ ഒട്ടേറെ തെറ്റുകളും കുറവുകളും അവന്‍റെ ചിന്തകള്‍ക്കുണ്ടെന്ന്. ഇത്തരം തെറ്റുകളാകട്ടെ, ലൈംഗികമായ കുഴപ്പങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യും. 
 
ജീവിതം കുറച്ചു കണ്ടുകഴിയുമ്പോള്‍, സെക്സിനെ കുറിച്ചെല്ലാം മനസ്സിലാക്കി എന്ന് ആണുങ്ങള്‍ ധരിച്ചു വശാകും. പ്രധാനമായും ലൈംഗിക സിനിമകളും വീഡിയോകളുമാണ് ഇക്കൂട്ടരുടെ പാഠശാല. ഇത്തരം രതിചിത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും എത്രയേറെ അകന്നു നില്‍ക്കുന്നുവെന്നും വിഭിന്നമാവുന്നു എന്നും തിരിച്ചറിയുക എന്നത് പ്രധാനമാണ്. 
 
അനുഭവങ്ങള്‍ക്ക് സഹായിക്കാനാവും. പക്ഷെ, തനിക്കെന്താണ് വേണ്ടത് എന്ന് തുറന്നുപറയുന്ന കാര്യത്തില്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും നാണം കാണിക്കുന്നതായാണ് അനുഭവം. 
 
സ്ത്രീകളുടെ സെക്സ് താല്‍പ്പര്യങ്ങളെപ്പറ്റിയുള്ള പുരുഷന്‍റെ മിഥ്യാധാരണകളെ കുറിച്ച് പലരും എഴുതിയിട്ടുണ്ട്. സ്ത്രീക്ക് വേണ്ടത് എന്തെന്ന് തനിക്ക് നന്നായറിയാം എന്നതാണ് അതിലൊന്ന്. ഇതുപോലൊരു ഭോഷത്തം ഇല്ല. സ്വന്തം അനുഭവങ്ങള്‍ വച്ച് പുരുഷന്‍ സ്വയം നിരൂപിക്കുന്നതാണ് ഇക്കാര്യം. ചെറുപ്പത്തിന്‍റെ തിളപ്പില്‍ ചിലര്‍ക്ക് ചില അനുഭവ പാഠങ്ങളും ഉണ്ടായിരിക്കാം. 
 
എന്നാല്‍ എല്ലാ സ്ത്രീകളും ഒരേപോലെയല്ല എന്ന സത്യം അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കില്‍ ഓരോ സ്ത്രീയും, അവരുടെ രതി താത്പര്യങ്ങളും രതി പ്രതികരണങ്ങളും ആസ്വാദ്യതയും എല്ലാം ഭിന്നമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 
 
ലൈംഗികമായി പക്വതയെത്തുമ്പോള്‍ രതിയെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഒരു സ്ത്രീയ്ക്ക് തൃപ്തികരമായ കാര്യങ്ങള്‍ മറ്റൊരു സ്ത്രീക്ക് രസകരമായി തോന്നണം എന്നില്ല. ഇത് ലൈംഗിക താത്പര്യങ്ങളെ കുറിച്ച് മാത്രമല്ല ബന്ധങ്ങളെ കുറിച്ചു കൂടി സത്യമായി ഭവിക്കുന്നു. ഒരു മമതയുമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തിന് സാധിക്കുന്ന സ്ത്രീകളുണ്ട്. അതുപോലെതന്നെ വളരെ എളുപ്പത്തില്‍ ഒരാളുമായി അടുക്കുകയും വളരെ അടുത്താല്‍ മാത്രം ലൈംഗികമായി ബന്ധപ്പെടാന്‍ സാധിക്കുകയും ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇതിനിടയില്‍ ഉള്ളവരാണ് ഭൂരിഭാഗവും. 
 
സ്ത്രീക്ക് വേണ്ടതെല്ലാം തനിക്ക് നല്‍കാനാവും എന്നതാണ് പുരുഷന്‍റെ മറ്റൊരു മിഥ്യാധാരണ. സ്ത്രീയുടെ രതിമൂര്‍ച്ഛ വളരെ സവിശേഷമാണ്. പലപ്പോഴും സംഭോഗം കൊണ്ട് മാത്രം സ്ത്രീ തൃപ്തിയടയണം എന്നില്ല. ഇത് സ്ത്രീയുടെ കുഴപ്പമല്ല. സവിശേഷതയാണ്. പക്ഷെ, പുരുഷന്‍ ചിന്തിക്കുക സ്ത്രീക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍