ദൃശ്യമനോഹരമായൊരു കടലോര കോട്ട അഥവാ ബേക്കലിനെ വെല്ലുന്ന വട്ടക്കോട്ട

തിങ്കള്‍, 6 നവം‌ബര്‍ 2017 (17:05 IST)
പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും നൊമ്പരം അലയടിക്കുന്ന ഉയിരെ.. ഉയിരേ.. എന്ന എ ആര്‍ റഹ്‌മാന്‍ ഗാനം അഭ്രപാളിയില്‍ കണ്ട ഏതൊരാളുടെയും മനസില്‍ മായാതെ നില്‍ക്കുന്ന ദൃശ്യമാണ് കടലിന് ചുറ്റും കെട്ടിയ വേലി പോലെ ഉയര്‍ന്നു നില്‍ക്കുന്ന ബേക്കല്‍ കോട്ട. മണിരതനം ചിത്രമായ റോജയിലൂടെ ദേശീയ പ്രശസ്തി നേടിയ ബേക്കല്‍ കോട്ടയെ പോലെ ദൃശ്യമനോഹരമായൊരു കടലോര കോട്ടയാണ് കന്യാകുമാരി ജില്ലയിലെ വട്ടക്കോട്ട.
 
പേരു പോലെ തന്നെ വട്ടത്തിലുള്ള ഈ കോട്ട പതിനെട്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. തിരുവതാംകൂറിന്‍റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പടുത്തുയര്‍ത്തിയ ഈ കോട്ട പൂര്‍ണ്ണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പശ്ചിമഘട്ടവുമായി അത്യപൂര്‍വ്വമായ ഒരു ദൃശ്യാനുഭവമാണ് ഈ കടല്‍ കോട്ട സമ്മാനിക്കുന്നത്. കേട്ടയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കരിമണല്‍ കടലോരവും ഇവിടത്തെ പ്രത്യേകതയാണ്. ഇതിന് ചുറ്റുമുള്ള തെങ്ങിന്‍ തോപ്പുകളും എപ്പോഴും വീശിയടിക്കുന്ന കടല്‍ക്കാറ്റുമെല്ലാം വട്ടക്കോട്ടയുടെ മാറ്റ് കൂട്ടുന്നു. 
 
ത്രിവേണി സംഗമ സ്ഥാനമായ കന്യാകുമാരിയിലുള്ള വട്ടക്കോട്ടയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന കടലില്‍ ഒരു ഭാഗം അറബി കടലും മറുഭാഗം ബംഗാള്‍ ഉള്‍ക്കടലുമാണ്. ഇരു കടലുകളുടെ വ്യത്യാസം ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാനും സാധിക്കും. അറബി കടല്‍ ശാന്തമായി ഒഴുകുമ്പോള്‍ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബംഗാള്‍ ഉള്‍ക്കടലിന് രൌദ്ര ഭാവമാണ്. കടലും, മലയും, കാറ്റുമൊക്കെ ചേര്‍ന്ന് അപൂര്‍വ്വ അനുഭൂതി നല്‍കുന്ന വട്ടക്കോട്ട ബേക്കലിനെക്കാള്‍ മനോഹരമല്ലേ എന്ന് ഒരു സഞ്ചാരി സംശയിച്ച് പോയാലും അത്ഭുതപ്പെടാനില്ല.
 
ഇരുപത്തിയഞ്ച് അടി ഉയരവും ഇരുപത്തിയൊമ്പത് അടി കനവും ഉള്ളതാണ് ഇതിന്‍റെ മുന്‍‌ഭാഗം. ഇവിടെ നിന്ന് പത്മനാഭപുരം കൊട്ടാരത്തിലേക്ക് നാല് അടി വീതിയുള്ള ഒരു തുരങ്കമുണ്ടായിരുന്നുവെന്നും ഇത് പിന്നീട് അടഞ്ഞു പോയി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
 
ആദ്യം ഡച്ച് നാവിക സേനാ നായകനും പിന്നീട് തിരുവതാംകൂര്‍ പടത്തലവനുമായിരുന്ന ക്യാപ്റ്റന്‍ ഡെലിനോയിയുടെ നേതൃത്വത്തിലാണ് ഈ കോട്ട പണി കഴിപ്പിച്ചത്. കുളച്ചല്‍ യുദ്ധകാലത്ത് ഡച്ച് നാവികനായിരുന്ന ഡെലിനോയി യുദ്ധ പരാജയത്തിന് ശേഷം മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്‍റെ വിശ്വാസം നേടിയെടുത്ത് തിരുവതാംകൂറിന്‍റെ പടത്തലവനാകുകയായിരുന്നു. എന്നാല്‍ പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്ത് തന്നെ ഈ കോട്ട നിലവിലുണ്ടായിരുന്നുവെന്നും ഡെലിനോയി ഇതിന് ശക്തിപ്പെടുത്തുക മാത്രമാണുടായെതെന്നും പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
 
കന്യാകുമാരി പട്ടണത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന വട്ടക്കോട്ട ഇപ്പോള്‍ പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള സംരക്ഷിത കേന്ദ്രമാണ്. ഇപ്പോള്‍ തമിഴ്നാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായും വട്ടക്കോട്ട വളര്‍ന്നു കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് റോഡ് മാര്‍ഗം ഇവിടെ എത്തിചേരാവുന്നതാണ്. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍ കന്യാകുമാരിയും വിമാനത്താവളം മധുരൈയുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍