പരിശുദ്ധം, തീര്‍ത്തും പരിശുദ്ധമായ ഒരു വികാരമാണ് പ്രണയം. സെക്സും അങ്ങനെ തന്നെ. സെക്സിനെ മഴയോടും മാനത്തോടും ഉപമിക്കാം. അത്രയും സുന്ദരം, സുഖകരം. എന്നാല്‍ കാമുകീകാമുകന്‍മാര്‍ തൊടാതെയും പിടിക്കാതെയും തങ്ങളുടെ പ്രണയകാലം ജീവിച്ചുതീര്‍ക്കണമെന്ന സദാചാര വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അനുഭൂതിദായകമായ ഒരു പ്രണയജീവിതം സാധ്യമാണോ?
ഈ ചോദ്യത്തോട് എതിര്‍ത്തും അനുകൂലിച്ചും ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. തമ്മില്‍ കാണാതെ പോലും പ്രണയിക്കുന്നവരുണ്ട്. അപ്പോള്‍ സെക്സ് പ്രണയത്തിന് ഒരു അനിവാര്യതയാണെന്ന് കരുതാനാവില്ല. ചിലര്‍ അഭിപ്രായപ്പെട്ടത് അങ്ങനെയായിരുന്നു. അതു സത്യമാണ്. ഫോണില്‍ കൂടിയും നെറ്റില്‍ കൂടിയും പരിചയപ്പെടുന്നവര്‍. തമ്മില്‍ കാണാതെ, കണ്ടാല്‍ പ്രണയവിശുദ്ധിയും ത്രില്ലും നഷ്ടമാകുമെന്ന വിശ്വാസത്താല്‍ ഫോട്ടോ പോലും കൈമാറാതെ പ്രണയിക്കുന്നവരുണ്ട്. അത് ഒരു പ്രത്യേക കാറ്റഗറി പ്രണയം.
മറ്റു ചിലര്‍ പറയുന്നത്, പ്രണയത്തിനൊപ്പം സെക്സും ആകാമെന്നാണ്. സെക്സ് എന്നാല്‍ ദിനവും കാണുക, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക അങ്ങനെയല്ല. രണ്ടുപേര്‍ക്കും ഒരു കുടക്കീഴില്‍ ഒരുമിച്ചു നടക്കണമെന്ന് തോന്നിയാല്‍ ആകാം. ആ സാമീപ്യവും സ്പര്‍ശനവും ഒരര്‍ത്ഥത്തില്‍ സെക്സിന്‍റെ അനുഭൂതി പകരുന്നതാണ്. ഒരുമിച്ചൊരു യാത്ര, കെട്ടിപ്പിടിച്ചിരുന്നൊരു സിനിമകാണല്, ഒരേ ഐസ്‌ക്രീം ഷെയര്‍ ചെയ്യല്‍. ഇതെല്ലാം സെക്സ് കലര്‍ന്ന പ്രണയം തന്നെ.
സെക്സ് കടന്നുവന്നാല്‍ പ്രണയത്തിന്‍റെ വിശുദ്ധി നഷ്ടമാകുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഒരിക്കല്‍ പ്രണയിക്കുന്നവര്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തി എന്നിരിക്കട്ടെ. പിന്നീട് തമ്മില്‍ കാണുമ്പോഴും സെക്സ് ചെയ്യാന്‍ തോന്നും. പ്രണയം മറന്ന് സെക്സിനു വേണ്ടി മാത്രം തമ്മില്‍ കാണുക എന്ന അവസ്ഥയിലെത്തും. ആ പറയുന്നതിലും കാര്യമില്ലാതില്ല. എന്നാല്‍ തൊടാതെയും ചുംബിക്കാതെയും പ്രണയിക്കണം എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രണയിക്കുന്ന ആണിനും പെണ്ണിനും നടുവില്‍ സമൂഹം സദാചാരത്തിന്‍റെ മതില്‍ കെട്ടിയിരിക്കുന്നത് ശരിയാണോ? അല്ല എന്നാണ് ഞാന്‍ സംസാരിച്ച 40 ശതമാനം പേരും പറഞ്ഞത്. പ്രണയിക്കുന്നവര്‍ ഫ്രീ ബേഡുകളാണ്. അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചുംബിക്കാനും ചുറ്റിയടിക്കാനുമുള്ള സ്വാതന്ത്ര്യം. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നേയുള്ളൂ.
രണ്ടു വ്യക്തികള്‍ പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവര്‍ക്കു തോന്നുന്നതു ചെയ്യട്ടേ എന്നാണ് ഒരു കൂട്ടര്‍ ശക്തിയുക്തം പറഞ്ഞത്. അവര്‍ സെക്സ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. പ്രണയോന്‍മത്തരായി നടക്കുന്നെങ്കില്‍ അങ്ങനെയാകട്ടെ. അവിടെ ഒളിഞ്ഞുനോക്കാനോ തടസം നില്‍ക്കാനോ നമ്മള്‍ പോകാതിരുന്നാല്‍ മതി. വിവാഹത്തിനു മുമ്പും സെക്സ് ചെയ്യട്ടെ. വേണ്ടെന്നു പറയാന്‍ നമ്മളാര്? സെക്സിനു ശേഷവും പ്രണയം തുടരുമെങ്കില്‍ വിവാഹം കഴിക്കട്ടെ. സന്തോഷമായി ജീവിക്കട്ടെ.
ചിലര്‍ പറയുന്നത് പ്രണയിക്കുമ്പോള്‍ അത് മാക്സിമം ആത്മാര്‍ത്ഥതയോടെ വേണം എന്നാണ്. അപകടകരമായി പ്രണയിക്കുക. ഇതിനപ്പുറം ഒന്നുമില്ല എന്ന രീതിയില്‍ പ്രണയിക്കുക. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒന്നിച്ച് എന്ന രീതിയില്‍. സെക്സിനോ മറ്റ് കാര്യങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. സമൂഹം എന്തും പറഞ്ഞോട്ടെ. ഞങ്ങള്‍ സ്നേഹിക്കുന്നു. ആര്‍ക്കാണ് തടുക്കാന്‍ അധികാരം?
ഈ അഭിപ്രായപ്രകടനങ്ങള്‍ ഇന്നത്തെ യൂത്തിന്‍റേതാണ്. ഇനിയും വ്യത്യസ്തങ്ങളായ പല ആശയങ്ങളും അവര്‍ പങ്കു വയ്ക്കുന്നു. സെക്സ്, ഭക്തി, പ്രണയം, ആഗ്രഹം, ആനന്ദം ഇതിനെപ്പറ്റിയെല്ലാം പുതിയ തലമുറയ്ക്ക് വ്യക്തവും നൂതനവുമായ അഭിപ്രയങ്ങളുണ്ട്. അവയെല്ലാം സമൂഹത്തിന് ഇന്നത്തെ അവസ്ഥയില്‍ അംഗീകരിക്കാവുന്നതുമല്ല. എന്തായാലും ഒരുകാര്യം ഉറപ്പാണ്. തന്‍റേടമുള്ള ഒരു തലമുറ തന്നെയാണ് വളര്‍ന്നുവരുന്നത്. ലോകത്തിന്‍റെ കാഴ്ചപ്പാടുകളെ അവര്‍ കീഴ്മേല്‍ മറിക്കുകതന്നെ ചെയ്യും.