സൌന്ദര്യം കാണുന്നവരുടെ കണ്ണുകളില്‍

PROPRO
കടലിന്‍റെ നീലിമ തുളുമ്പുന്ന കണ്ണുകള്‍, കാര്‍മേഘം പോലെയുള്ള ചുരുള്‍മുടി, കടഞ്ഞെടുത്ത ശരീരം സൌന്ദര്യ സങ്കല്‍‌പ്പത്തെ കുറിച്ചുള്ള കവികളുടെ ഭാവന ഇങ്ങനെയൊക്കെയാണ്. പുരുഷന്‍‌മാരെ കുറിച്ചാണെങ്കില്‍ ഒത്ത ഉയരം, ഉറച്ച മസിലുകള്‍, കറുത്തു ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ ശരീരം, ഘന ഗംഭീരമായ ശബ്ദം, അങ്ങനെയൊക്കെ.

എന്നാല്‍ സൌന്ദര്യത്തെ കുറിച്ച് കവികളും സാഹിത്യകാരന്‍‌മാരും അവരുടെ വഴിക്ക് പോകട്ടെയെന്നും കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നും ചില പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ ഈ മിഥ്യാ ധാരണകള്‍ പൊളിച്ചെഴുതുന്നത് നെതര്‍ലന്‍ഡിലെ ഗ്രോണിംഗെന്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സൌന്ദര്യം ആസ്വദിക്കുന്നവന്‍റെ കണ്ണുകളിലാണെന്ന അവരുടെ വാദം നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു പഠനത്തിലൂടെ സര്‍വ്വകലശാല ഇക്കാര്യം തെളിയിച്ചു.

സൌന്ദര്യം ഉള്ളതും ഇല്ലാത്തതുമായ ശരാശരി 14 വര്‍ഷമായി പ്രണയിക്കുന്നവരും 30 കടന്നവരുമായ 93 ജോഡികളെ പരസ്പരം ഇടകലര്‍ത്തി ഏറ്റവും സൌന്ദര്യമുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി. എന്നാല്‍ ഓരോവരും മറ്റുള്ളവരുടെ ശരീര ഭാഗങ്ങളേക്കാള്‍ വിലമതിക്കാന്‍ ഇഷ്ടപ്പെട്ടത് അവരവരുടെ പ്രിയപ്പെട്ടവരില്‍ അവര്‍ മതിക്കുന്ന അവയവത്തെ ആയിരുന്നു. ഉദാഹരണത്തിന് കാമുകിയുടെ കണ്ണ്, ചുണ്ട്, മാറിടം, ശരീര വടിവ്, കാമുകന്‍റെ മൂക്ക്, കവിള്‍ അങ്ങനെയൊക്കെ.

ഈ പഠനം മറ്റൊരു കാര്യം കൂടി വെളിവാക്കി. പുരുഷന്‍ സ്ത്രീയെ കുറിച്ച് മതിക്കുന്നതെന്തെന്ന സ്ത്രീകളുടെ ധാരണയും പുരുഷന്‍ എങ്ങനെയിരിക്കണമെന്ന് സ്ത്രീ ആഗ്രഹിക്കുന്നു എന്ന് പുരുഷന്‍ കരുതുന്നതും വ്യത്യസ്തമാണെന്ന് വ്യക്തമായി. മസിലുകളും ശരീരഘടനയുമാണ് ആണില്‍ പെണ്ണ് പ്രതീക്ഷിക്കുന്നതെന്ന ആണിന്‍റെ ചിന്ത തെറ്റാണെന്ന് തെളിഞ്ഞു.

അതു പോലെ തന്നെ പെണ്ണ് സ്ലിമ്മായിരിക്കണം, വശ്യതയുണ്ടായാലേ ആണ് ഇഷ്ടപ്പെടൂ എന്ന ചിന്തയില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നാണെന്നും പഠനം തെളിയിച്ചു. സൌന്ദര്യം ആസ്വദിക്കുന്നവന്‍റെ കണ്ണുകളിലാണ്’ എന്ന പഠനത്തില്‍ ആഴ്അത്തിലുള്ള പ്രണയത്തിന് സൌന്ദര്യം മാനദണ്ഡമാകില്ലെന്നാണ് പഠനം പറഞ്ഞത്.

ഇനി പങ്കാളിക്ക് സൌന്ദര്യം പോരെന്ന പറഞ്ഞ് ബന്ധത്തില്‍ നിന്നും പുറത്തുകടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അതുമല്ലെങ്കില്‍ സുന്ദരനായ മറ്റൊരു പങ്കാളിക്കായി നിങ്ങള്‍ കാത്തിരിക്കുമോ? എന്തായാലും കൂട്ടുകാരുടെ പരിഹാസത്തില്‍ തകര്‍ന്നു പോയി പ്രണയം വലിച്ചെറിയാന്‍ കാത്തിരിക്കുന്ന നിങ്ങള്‍ അല്പം നില്‍ക്കുക. ഈ സര്‍വേ ഫലത്തില്‍ വിശ്വസിക്കുന്നതും നന്നായിരിക്കും.

വെബ്ദുനിയ വായിക്കുക