വാലന്‍റൈന്‍സ് ഡേ അല്ലേ? എന്ത് ഗിഫ്റ്റ് കൊടുക്കും? ഒരു പൂച്ചക്കുട്ടി ആയാലോ!... ഒരു പച്ചക്കറിത്തോട്ടം ആയാലോ...! ഈ വ്യത്യസ്തമായ സമ്മാനങ്ങള്‍ നോക്കൂ...

ശനി, 13 ഫെബ്രുവരി 2016 (15:25 IST)
പങ്കാളി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന രീതിയിലുള്ള ഗിഫ്റ്റ് വാലന്‍റൈന്‍സ് ഡേയ്ക്ക് നല്‍കണം. ആതായിരിക്കും എല്ലാ കാമുകന്‍‌മാരുടെയും കാമുകിമാരുടെയും ആഗ്രഹം. കഴിഞ്ഞ തവണ ഒരു വാച്ചോ ബൊക്കെയോ ഒക്കെയായിരിക്കും നല്‍കിയിട്ടുണ്ടാവുക. അല്ലെങ്കില്‍ ഒരു കാര്‍ഡ്. അതില്‍ നിന്നൊക്കെ ഒന്ന് മാറ്റിപ്പിടിക്കേണ്ടേ? പങ്കാളി ഞെട്ടി വാ പൊളിക്കുന്ന രീതിയില്‍ ഗംഭീരമായ ഗിഫ്റ്റ് നല്‍കേണ്ടേ? എന്നാല്‍ ചുരുങ്ങിയ ബജറ്റിനുള്ളില്‍ വേണം താനും.
 
ഒരു പൂച്ചക്കുട്ടിയെ ഗിഫ്റ്റ് ആയി നല്‍കിയാലോ? നല്ല ഐഡിയയാണ്. നല്ല വെള്ള നിറത്തില്‍, നിറയെ രോമങ്ങളുള്ള ഒരു ക്യൂട്ട് പൂച്ചക്കുട്ടിയെ നല്‍കാം. വെറുതെയങ്ങ് നല്‍കിയാല്‍ പോരാ. അതിന് നല്ല ഉടുപ്പും ട്രൌസറും ഒക്കെ ഇടുവിച്ച് ഒരു ക്യാപ്പൊക്കെ വച്ച് അണിയിച്ചൊരുക്കി നല്‍കണം. സര്‍പ്രൈസായി പൂച്ചക്കുട്ടിയെ കിട്ടിയാല്‍ ഈ വാലന്‍റൈന്‍സ് ദിനം പങ്കാളി ഒരിക്കലും മറക്കില്ലെന്ന് തീര്‍ച്ച. പങ്കാളി നായപ്രേമിയാണെങ്കില്‍ നായക്കുട്ടികളെയും നല്‍കാവുന്നതാണ്. 
 
ഇനി പറയുന്നത്, കുറച്ചുകൂടി രസമുള്ള ഒരു കാര്യമാണ്. ഒരു മൊബൈല്‍ പച്ചക്കറിത്തോട്ടം. അതായത് മണ്‍ചട്ടികളില്‍ വെണ്ടയ്ക്ക, വഴുതനങ്ങ, തക്കാളി, പച്ചമുളക് തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ വാങ്ങാന്‍ കിട്ടും. ഇത്തരം പത്ത് ചട്ടികള്‍ വാങ്ങി ഒരു തകര ഷീറ്റില്‍ അടുക്കുക. അതിനിടയില്‍ നല്ല പച്ചമണ്ണൊക്കെയിട്ട് ഗംഭീരമാക്കാം. വെള്ളം നനയ്ക്ക‍ാനുള്ള സൌകര്യവും ഒരുക്കാം. ഇനി പങ്കാളിയുടെ അടുത്തേക്ക് സര്‍പ്രൈസായി എത്തിക്കൂ. അമ്പരന്ന് നില്‍ക്കുന്ന പങ്കാളിയുമൊത്ത് ഒരു സെല്‍ഫിയുമെടുക്കാം.
 
സെല്‍ഫിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. നിങ്ങള്‍ പങ്കാളിക്കൊപ്പം നിന്ന് കുറച്ച് സെല്‍‌ഫികള്‍ എടുത്തിട്ടുണ്ടാകുമല്ലോ. അവയെല്ലാം കൂടി ഒരു അടിപൊളി സ്റ്റുഡിയോയില്‍ കൊണ്ടുക്കൊടുക്കുക. എന്നിട്ട് ആ സെല്‍ഫികളുടെ ബാക്ഗ്രൌണ്ട് മാറ്റിത്തരണം എന്നാവശ്യപ്പെടുക. ലോകാത്ഭുതങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ നിങ്ങള്‍ നില്‍ക്കുന്നതുപോലെയുള്ള കുറച്ചു സെല്‍ഫികള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് മടക്കിക്കിട്ടും. ഇനി അവയുമായി പങ്കാളിയുടെ അടുത്തേക്ക് പാഞ്ഞോളൂ. നല്ല ഒന്നാന്തരം ഗിഫ്റ്റുതന്നെ അത്.
 
സമീപകാലത്ത് ഹിറ്റായ സിനിമകളിലെ നായകന്‍റെ നായികയുടെയോ വസ്ത്രങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളി വാചാലയായിട്ടുണ്ടോ? ഉദാഹരണത്തില്‍ ചാര്‍ലിയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ധരിക്കുന്ന വസ്ത്രമോ സ്റ്റോളോ, അല്ലെങ്കില്‍ ആ ചിത്രത്തിലെ തന്നെ പാര്‍വതിയുടെ വസ്ത്രം. അങ്ങനെയുണ്ടെങ്കില്‍ അവ എവിടെ കിട്ടുമെന്ന് അന്വേഷിച്ച് അതൊരെണ്ണം അടിപൊളിയായി പായ്ക്ക് ചെയ്ത് പങ്കാളിക്ക് നല്‍കൂ, അവര്‍ക്ക് സന്തോഷമാകും.
 
എന്തൊക്കെ ഗിഫ്റ്റ് നല്‍കിയാലും നിങ്ങളുടെ സാമീപ്യം പോലെ പങ്കാളിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യവുമുണ്ടാകില്ല. അതുകൊണ്ട് വാലന്‍റൈന്‍സ് ദിനം പങ്കാളിക്കൊപ്പം പരമാവധി സമയം ചെലവഴിക്കുക. ഒരുമിച്ച് ഐസ്ക്രീം കഴിക്കുക, ഒരുമിച്ച് സിനിമയ്ക്ക് പോവുക.

വെബ്ദുനിയ വായിക്കുക