വാചാലമീ പ്രണയം...

IFMIFM
പ്രണയം എന്താണെന്നു കൃത്യമായി വ്യാഖ്യാനിക്കുക പ്രയാസമാണ്. അനിര്‍വ്വചനീയമായ പ്രണയ വികാരം വാക്കുകളില്‍ വര്‍ണ്ണിച്ചാല്‍ തീരുന്നതല്ല. പ്രണയം വാചാ‍ലമാണ്.

വാക്കുകളല്ലെങ്കില്‍ വികാരങ്ങള്‍ കൊണ്ടെങ്കിലും. കണ്ണുകള്‍ കൊണ്ട് ഒരായിരം കഥ പറയുന്ന പ്രണയദിനങ്ങളുടെ പരിണാമം വളരെ എളുപ്പമാണ്. പ്രണയത്തിന്‍റെ നിര്‍വ്വചനങ്ങള്‍ക്കു പുതിയ കാലത്തുവന്ന വ്യത്യാസം ചില കാര്യങ്ങളില്‍ നല്ലതാണ്. മറ്റു ചിലതില്‍ ദോഷകരവും.

പണ്ട് കോളേജ് ഇടനാഴിയില്‍ കാത്തുനിന്ന് ചെവിയില്‍ മന്ത്രിക്കുന്ന തരള വാക്യങ്ങള്‍ക്കും, ഇടവഴിയുടെ സുരക്ഷിതത്വത്തില്‍ കൈമാറുന്ന പ്രേമലേഖനങ്ങള്‍ക്കും ഇരട്ടിമധുരമായിരുന്നു. ഇന്നു കാലമാറിയപ്പോള്‍ പ്രണയികള്‍ക്ക് വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ സാഹചര്യങ്ങള്‍, ഇടവേളകള്‍ ആനന്ദകരമാക്കാന്‍ മൊബൈല്‍ സൊള്ളലും എസ്‌എസ്‌എസും ഒക്കെയുണ്ട്.

ആശയവിനിമയം കൂടിയപ്പോള്‍ അകലം കുറഞ്ഞു. ഒപ്പം മധുരവും. പഴയ പ്രണയങ്ങളുടെ ഓര്‍മ്മ സമ്മാനിക്കുന്ന നൊസ്റ്റാള്‍ജിയ തീര്‍ച്ചയായും ഈ തലമുറക്കുണ്ടാവില്ല. അവര്‍ക്കു പ്രണയം കൂടുതല്‍ വാചാലമാണ്. പ്രണയത്തേപ്പറ്റി, ജീവിതത്തേപ്പറ്റി, സ്വപ്നങ്ങളേപ്പറ്റി ഒക്കെ അവര്‍ വാചാലരാകുന്നു. പങ്കുവയ്ക്കുന്നു.

പഴയ കാലത്തെ സ്വപ്നങ്ങളുടെ മനോരാജ്യം കെട്ടി അതിനകത്തിരിക്കാന്‍ കഴിയില്ലെങ്കിലെന്ത്.. അപ്പപ്പോള്‍ പറയാന്‍ പറ്റുമല്ലോ. പ്രണയം വാചാലമാകുമ്പോ സൂക്ഷിക്കുക. പ്രണയത്തിന്‍റെ വികാരത്തള്ളിച്ചയില്‍ വേണ്ടതും വേണ്ടാത്തതുമൊന്നും പുലമ്പരുത്.

നാലാം ക്ലാസ്സില്‍ കൊച്ചുകൂട്ടുകാരനോടു തോന്നിയ പ്രേമം മുതല്‍ കോളേജില്‍ ആദ്യം മൊട്ടിട്ട വണ്‍ വേ പ്രേമം വരെ അടിച്ചുവിടുന്ന കാമുകി മാരുടെ ശ്രദ്ധക്ക്.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. കഷ്ടകാലത്തിനു പയ്യന്‍സ് വല്ല സംശയരോഗിയുമാണെങ്കില്‍ ആയുഷ്കാലം ഉറക്കം നഷ്ടപ്പെടുമെന്നു സാ‍രം. ഇതൊക്കെയാണെങ്കിലും പ്രണയം വാചാലം തന്നെ കേട്ടോ. വാചാലമായിരിക്കണം എന്ന് സാരം.

വെബ്ദുനിയ വായിക്കുക