പ്രണയിച്ചോളു, രക്തഹാരം പാര്‍ട്ടി വക!

വെള്ളി, 20 ജൂലൈ 2012 (20:22 IST)
PRO
PRO
കമിതാക്കളുടെ പ്രണയ സാഫല്യത്തിന് ഇനി സി പി എമ്മിന്റെ സപ്പോര്‍ട്ടും. സി പി എം തമിഴ്നാട് ഘടകമാണ് ഇത്തരമൊരു സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രണയത്തിന് വീട്ടുകാരും നാട്ടുകാരും എതിര്‍ത്താലും പാര്‍ട്ടി കൂടെയുണ്ടാകും. പ്രണയ വിവാഹങ്ങളും മിശ്രവിവാഹങ്ങളും പ്രോത്സാഹിക്കുന്നതോടൊപ്പം യുവാക്കളുടെ ഇടയില്‍ പാര്‍ട്ടിയെ വളര്‍ത്തുകയാണ് ഇതിലൂടെ സി പി എം ലക്‍ഷ്യമിടുന്നത്.

പ്രണയവിവാഹങ്ങളെയും മിശ്രവിവാഹങ്ങളെയും പ്രേത്സാഹിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ക്ക്‌ ഇവരുടെ ആഗ്രഹത്തിന്‌ എതിര് നില്‍ക്കുന്നത്‌ മാതാപിതാക്കളാണെങ്കില്‍ അവരോട്‌ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കും. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച്‌ വിവാഹത്തിന്‌ അനൂകൂല സാഹചര്യമൊരുക്കാനാണ് പാര്‍ട്ടി മുന്‍‌കൈ എടുക്കുന്നത്.

2007ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച തമിഴ്‌നാട്‌ അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്‌ എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ പാര്‍ട്ടി പ്രണയ വിവാഹിതര്‍ക്കും മിശ്ര വിവാഹിതര്‍ക്കും സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ജാതിയുടെ പേരില്‍ മാനംകാക്കല്‍ കൊലപാതകങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് സിപിഎം തമിഴ്‌നാട്‌ ഘടകത്തിനുള്ളത് തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന ജാതീപീഡനങ്ങള്‍ക്കും ദുരഭിമാനകൊലപാതങ്ങളും തടയാന്‍ ഒരു നിയമം തന്നെ കൊണ്ടുവരണമെന്നാണ്‌ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക