2016 മലയാള സിനിമയുടെ സുവർണ വർഷമായിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി ഒരു സിനിമ 100 കോടി ക്ലബിൽ ഇടം നേടുന്ന അത്ഭുതക്കാഴ്ചയ്ക്കാണ് ഈ വർഷം സിനിമാലോകം സാക്‌ഷ്യം വഹിച്ചത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചത് 'ഒരു ചെറിയ ഇൻഡസ്ട്രി ചെറിയ ചെറിയ മുന്നേറ്റങ്ങൾ നടത്തി, ഉള്ളടക്കം കൊണ്ട് വിസ്മയിപ്പിക്കുന്ന സിനിമകൾ സംഭാവന ചെയ്ത്, ഒടുവിൽ ഇന്ത്യയിലെ ഒന്നാം നിര ഇൻഡസ്ട്രിയിൽ ഇടം നേടിയിരിക്കുന്നു' എന്നാണ്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻറെ അസാധാരണ വിജയം തന്നെയാണ് 2016ൽ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള അധ്യായം.
ഒരു യൂണിവേഴ്സൽ സബ്‌ജക്ടായിരുന്നു പുലിമുരുകൻറേത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന കഥ. ഉദയ്‌കൃഷ്‌ണയുടെ മികച്ച തിരക്കഥ. പീറ്റർ ഹെയ്നിൻറെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ. എല്ലാം കൊണ്ടും ഒരു ഗംഭീര എൻറർടെയ്‌നർ. ഒരു മലയാള സിനിമയെ വിശ്വസിച്ച് 25 കോടി മുതൽ മുടക്കിയ ടോമിച്ചൻ മുളാകുപ്പാടം എന്ന നിർമ്മാതാവിൻറെ ചങ്കൂറ്റം ഇന്ന് മലയാള സിനിമയിൽ വലിയ സിനിമകൾ സൃഷ്ടിക്കപ്പെടാനുള്ള ആദികാരണമായി മാറുന്നു. മികച്ച മാർക്കറ്റിംഗ് തന്ത്രം കൂടിയായപ്പോൾ ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രൊജക്‌ടായി പുലിമുരുകൻ മാറി.
ഈ വർഷത്തെ ആദ്യ ഹിറ്റ് 'പാവാട' എന്ന പൃഥ്വിരാജ് ചിത്രമായിരുന്നു. ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ സിനിമ വ്യത്യസ്തമായ ഒരു കഥയെ പക്കാ കൊമേഴ്‌സ്യൽ ചേരുവകളിലൂടെ അവതരിപ്പിച്ചു. ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ഹീറോ ബിജു ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. നിവിൻ പോളി ആദ്യമായി നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആയിരുന്നു. വളരെ റിയലിസ്റ്റിക്കായ ഒരു പൊലീസ് സ്റ്റോറിയാണ് ഈ സിനിമ പറഞ്ഞത്.
ഫെബ്രുവരിയിൽ തന്നെ മറ്റൊരു അത്ഭുതമായ മഹേഷിൻറെ പ്രതികാരം സംഭവിച്ചു. ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫഹദ് ഫാസിൽ ചിത്രം ഇത്രയും വലിയ ഹിറ്റ് ആകുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മലയാളത്തിലെ ഏറ്റവും ശുദ്ധമായ ഹാസ്യം കൈകാര്യം ചെയ്ത സിനിമകളിൽ ഒന്നാണ്. ഫെബ്രുവരിയിൽ തന്നെ മമ്മൂട്ടിയുടെ 'പുതിയ നിയമം', മഞ്ജു വാര്യരുടെ 'വേട്ട' എന്നീ ത്രില്ലറുകൾ റിലീസായെങ്കിലും രണ്ടും ശരാശരി വിജയങ്ങളിൽ ഒതുങ്ങി. സംവിധായകൻ രാജേഷ് പിള്ളയുടെ അവസാന സിനിമയായിരുന്നു വേട്ട.
മാർച്ചിൽ പൃഥ്വിരാജിൻറെ ഡാർവിന്റെ പരിണാമം, ദുൽക്കർ സൽമാൻറെ കലി എന്നിവയായിരുന്നു പ്രധാന റിലീസുകൾ. ഇവയിൽ കലി വമ്പൻ ഹിറ്റായി. സമീർ താഹിർ ആയിരുന്നു സംവിധാനം. ഏപ്രിൽ മാസത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ജേക്കബിൻറെ സ്വർഗ്ഗരാജ്യം' വൻ ഹിറ്റായി. നിവിൻ പോളിയുടേ മറ്റൊരു മഹാവിജയം. രഞ്ജിത്തിൻറെ 'ലീല'യായിരുന്നു ആ മാസത്തിലെ മറ്റൊരു പ്രധാന റിലീസ്.
മേയ് മാസത്തിൽ രണ്ട് സർപ്രൈസ് ഹിറ്റുകൾ ഉണ്ടായിരുന്നു. നവാഗതനായ ഒമർ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ജയറാമിൻറെ ആടുപുലിയാട്ടം എന്നിവ. രാജീവ് രവി സംവിധാനം ചെയ്ത ദുൽക്കർ സൽമാൻ സിനിമ 'കമ്മട്ടിപ്പാടം' പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഏറ്റുവാങ്ങി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സ്കൂൾ ബസ്' എന്ന സിനിമയാകട്ടെ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി. നല്ല സിനിമയായിട്ടും പൃഥ്വിരാജ് ചിത്രം ജയിംസ് ആന്റ് ആലീസ് പരാജയമായി. ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
ഒഴിവുദിവസത്തെ കളി, ലെൻസ് എന്നീ നല്ല സിനിമകളാണ് ജൂൺ മാസത്തിൽ റിലീസ് ചെയ്യപ്പെട്ടത്. സംവിധായകരായ ആഷിക് അബുവിൻറെയും ലാൽ ജോസിൻറെയും സഹായത്തോടെയാണ് ഈ സിനിമകൾ തിയേറ്ററുകളിലെത്തിയത്. എന്നാൽ മികച്ച അഭിപ്രായം സൃഷ്ടിച്ച ഈ സിനിമകൾ തിയേറ്ററുകളിൽ ഒരു തരംഗവും സൃഷ്ടിച്ചില്ല. ജൂലൈയിൽ കരിങ്കുന്നം സിക്സസ്, ഷാജഹാനും പരീക്കുട്ടിയും, കസബ, അനുരാഗ കരിക്കിൻവെള്ളം, വൈറ്റ്, കിസ്‌മത്ത് തുടങ്ങിയ സിനിമകൾ റിലീസായി. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ മികച്ച വിജയം നേടി. എന്നാൽ ആ സിനിമ ബ്വലിയ വിവാദങ്ങളും സൃഷ്ടിച്ചു. അനുരാഗ കരിക്കിൻ വെള്ളം മഹേഷിൻറെ പ്രതികാരത്തിന് ശേഷം ശുദ്ധനർമ്മം കൈകാര്യം ചെയ്ത് വിജയം കണ്ട സിനിമയാണ്. കിസ്മത്ത് ദളിത് രാഷ്ട്രീയം ചർച്ച ചെയ്ത് ശ്രദ്ധനേടി.
ഗപ്പി, ആൻമരിയ കലിപ്പിലാണ്, വിസ്മയം, പ്രേതം എന്നീ ചിത്രങ്ങൾ ഓഗസ്റ്റിൽ വിജയം കണ്ടു. ഇതിൽ പ്രേതം ബ്ലോക്ക് ബസ്റ്ററായി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പിന്നെയും' ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി. ഓണച്ചിത്രങ്ങളിൽ മോഹൻലാൽ - പ്രിയദർശൻ ടീമിൻറെ ഒപ്പം വൻ വിജയമായി. ദൃശ്യത്തിൻറെ കളക്ഷൻ റെക്കോർഡ് ഭേദിച്ച ഒപ്പം കളക്ഷൻ റെക്കോർഡിൻറെ കാര്യത്തിൽ മലയാള സിനിമയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഊഴം, ഒരു മുത്തശ്ശി ഗദ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, വെൽകം ടു സെൻട്രൽ ജയിൽ എന്നീ സിനിമകൾ സാമ്പത്തികനേട്ടമായി.
ഒക്ടോബറിൽ ഇതിഹാസവിജയമായ പുലിമുരുകൻ എത്തി. അതിനൊപ്പം റിലീസായ മമ്മൂട്ടിച്ചിത്രം തോപ്പിൽ ജോപ്പൻ സാമ്പത്തികവിജയം നേടി. പുതുമുഖങ്ങളെ കേന്ദ്രവേഷങ്ങളിൽ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ച 'ആനന്ദം' മികച്ച വിജയം സ്വന്തമാക്കി. സ്വർണക്കടുവ ശ്രദ്ധിക്കപ്പെട്ടപ്പോൾ നാദിർഷ സംവിധാനം ചെയ്ത 'കട്ടപ്പനയിൽ ഋത്വിക് റോഷൻ' മെഗാഹിറ്റായി.