സ്വാതന്ത്ര്യപ്രാപ്തിക്ക് വേണ്ടി ലോകത്തിനു മുമ്പില്‍ പുതിയൊരു 'ആത്മ' സമരമുറ പൊരുതി വിജയിപ്പിച്ച രാഷ്‌ട്രപിതാവിന്‍റെ സ്വപ്നങ്ങള്‍ നമ്മള്‍ വിസ്മരിക്കുകയാണ്. പരിഷ്കൃതസമൂഹമെന്ന് വിളിക്കുന്നതില്‍ അഭിമാനത്തോടെ തല ഉയര്‍ത്തുന്ന ഇന്ത്യന്‍ ജനത യഥാര്‍ത്ഥത്തില്‍ ഗോധ്‌രയിലും മാറാടും വരെ എത്തിയതേയുള്ളൂ. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയുടെ സ്ഥിതി ഇതാണ്.
ഇന്ത്യയൊട്ടാകെ മതനിരപേക്ഷ സമീപനങ്ങളില്‍ പ്രതികൂല മാറ്റമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, നൂറുശതമാനം സാക്ഷരരെന്നും സാമൂഹിക ഇടപെടലുകളില്‍ മുന്നോക്കം നില്‍ക്കുന്നവരെന്നും പേരെടുത്ത മലയാളി സമൂഹത്തിനെന്തുപ്പറ്റി? ലോകമെങ്ങും ജൂതസമൂഹത്തെ തള്ളിപ്പറഞ്ഞപ്പോഴും സ്വന്തം നെഞ്ചിലവര്‍ക്ക് സ്ഥാനം നല്‍കിയ ഒരു സമൂഹം എങ്ങിനെയിത്രത്തോളം വഷളായി?