ഇത് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്ര ജയം. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ധോനിയുടെ കുട്ടികള്‍ ചരിത്രമെഴുതി. സേവാഗ് തെളിച്ച വഴിയിലൂടെ കാലിടറാതെ മുന്നേറിയ സച്ചിനും യുവരാജും ഇംഗ്ലണ്ടിന് നല്‍കിയത് ഒരു ഷോക്ക് ട്രീറ്റ്‌മെന്‍റ് !
വിജയത്തിന് മകുടം ചാര്‍ത്താന്‍ സച്ചിന്‍റെ സെഞ്ച്വറിയും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാനേറെ. സ്കോര്‍ ഇംഗ്ലണ്ട് 316, 311/9 ഡിക്ലയേര്‍ഡ്, ഇന്ത്യ 241, 387/4. മിന്നല്‍പ്പിണരായി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ ജ്വലിപ്പിച്ച വീരേന്ദര്‍ സേവാഗാണ് കളിയിലെ കേമന്‍. സേവാഗ് 68 പന്തില്‍ നേടിയ 83റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ മണ്ണിലെ ഇന്ത്യ പിന്തുടര്‍ന്ന് നേടിയ ഏറ്റവും വലിയ വിജയമാണിത്. 1987ല്‍ വെസ്റ്റിന്‍ഡീസ് പിന്തുടര്‍ന്ന് നേടിയ 276 റണ്‍സാണ് യുവിയും സച്ചിനും ചേര്‍ന്ന് ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേറിഞ്ഞത്. അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിനുമൊത്ത് 163 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ യുവരാജ് സിംഗ് ടെസ്റ്റ് ടീമിലേക്ക് രാജകീയമായി തന്നെ മടങ്ങിയെത്തി. 131 പന്തില്‍ 85 റണ്‍സെടുത്ത യുവരാജിന്‍റെ ഇന്നിംഗ്സിന് എട്ട് ബൌണ്ടറികളും ഒരു സിക്സും അകമ്പടിയേകിയപ്പോള്‍ 41ആം സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന് അമരക്കാരനായ സച്ചിന്‍റെ ബാറ്റില്‍ നിന്ന് ഒമ്പത് തവണ പന്ത് അതിര്‍ത്തി കടന്നു.
ഒരു വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍ വിജയത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഇന്ത്യയെ ആന്‍ഡ്രു ഫ്ലിന്‍റോഫ് തുടക്കത്തിലേ ഞെട്ടിച്ചെങ്കിലും തന്‍റെ പ്രിയ ഗ്രൌണ്ടില്‍ നിശ്ചയദാര്‍ഡ്യത്തോടെ ബാറ്റ് വീശിയ സച്ചിനും ഗംഭീറും യുവരാജും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരമണച്ചു.ഗംഭീറുമൊത്ത് 42 റണ്‍സിന്‍റെയും ലക്‍ഷമണുമൊത്ത് 41 റണ്‍സിന്‍റെയും കൂട്ടുകെട്ടുയര്‍ത്തിയ സച്ചിന്‍ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ യുവരാജുമൊത്ത് 163 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് കളി തുടങ്ങി കണ്ണടച്ചു തുറക്കും മുമ്പെ രാഹുല്‍ ദ്രാവിഡിനെ (04) നഷ്ടമായെങ്കിലും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞില്ല. ഒരറ്റത്ത് ചെറിയ ചെറിയ കൂട്ടുകെട്ടുകളിലുടെ സച്ചിന്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ അമരക്കാരനായപ്പോള്‍ ഇംഗ്ലണ്ട് വിയര്‍ത്തു. ദ്രാവിഡിനെ കൂടാതെ ഗംഭീര്‍(66), ലക്‍ഷ്മണ്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കിന്ന് നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി സ്വാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.