ദക്ഷിണാഫ്രിക്കയ്‌ക്കും ജയം

ആദ്യം ചില അലോരസങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അയര്‍ലണ്ടിനു കടന്നു കയറാന്‍ കഴിയാത്ത വിധം കരുത്തരായിരുന്നു ദക്ഷിണാഫ്രിക്ക. ഇന്ത്യയോട് ആദ്യ എകദിനത്തില്‍ പരാജയപ്പെട്ട ആതിഥേയരായ അയര്‍ലണ്ടിന് രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 42 റണ്‍സിനാണ് കീഴടങ്ങേണ്ടി വന്നത്. അരങ്ങേറ്റക്കാര്‍ കരുത്തു തെളിയിച്ച മത്സരത്തില്‍ അയര്‍ലണ്ടിനായി കുസക്കും ദക്ഷിണാഫ്രിക്കയുടെ ഫിലാണ്ടറും കരുത്തു കാട്ടി.

മഴയെത്തിയതു മൂലം 31 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റു ചെയ്‌‌ത ദക്ഷിണാഫ്രിക്ക 31 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് എടുത്തപ്പോള്‍ അയര്‍ലണ്ട് 30. 5 ഓവറില്‍ 131 നു പുറത്തായി. പുതുമുഖ താരം അലക്‍സ് കുസക്കിന്‍റെ ഓള്‍ റൌണ്ട് പ്രകടനമായിരുന്നു അയര്‍ലണ്ടിന്‍റെ കരുത്ത്. 36 റണ്‍സുമായി ബാറ്റിംഗിലും തിളങ്ങിയ കുസാക്കാണ് അയര്‍ലണ്ടിന്‍റെ ടോപ് സ്‌കോററായതും.

ദക്‍ഷിണാഫ്രിക്കയുടെ വീണ നാലു വിക്കറ്റില്‍ മൂന്നും കുസക്ക് നേടിയ മത്സരത്തില്‍ നായകന്‍ കല്ലിസിനും സൂപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഗിബ്‌സിനും കുസക്കിന്‍റെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ആദ്യ നിയന്ത്രിത ഓവര്‍ മത്സരത്തിനെത്തിയ ഫിലാണ്ടര്‍ നാലു വിക്കറ്റ് പിഴുതു.

ആദ്യം ബാറ്റു ചെയ്‌‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് ഓപ്പണര്‍ വാന്‍ വൈക്ക് (52) ഡിവിലിയേഴ്‌സ്(40) എന്നിവര്‍ നല്ല തുടക്കമാണ് നല്‍കിയത്. വീലന്‍റെ പന്തില്‍ ഡിവിലിയേഴ്‌സ് കുസാക്കിനു പിടി നല്‍കിയ ശേഷം കാലിസുമായി ചേര്‍ന്ന(46) വയ്‌‌ക്ക് അര്‍ദ്ധസെഞ്ച്വറി തികച്ച ശെഷമാണ് കീഴടങ്ങിയത്‌. പിന്നീടെത്തിയ ഗിബ്‌സിനു(രണ്ട്) കാര്യമായ സംഭാവനയില്ലായിരുന്നെങ്കിലും ജസ്റ്റിന്‍ കെമ്പ്(18) ബൌച്ചര്‍(രണ്ട്) ദക്ഷീണാഫ്രിക്കയെ പൊരുതാവുന്ന ഘട്ടത്തിലാക്കി.

വെബ്ദുനിയ വായിക്കുക