ഇന്ത്യക്ക് 16 റണ്‍സ് ജയം

PTIPTI
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ജയം. കാണ്‍പൂരില്‍ നടന്ന മത്സരത്തില്‍ 241 റണ്‍സ് വിജയ ലക്‌ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ വെളിച്ചക്കുറവ് കാരണം കളി അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 16 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ 31 റണ്‍സ് വഴങ്ങി മൂന്നു ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്

ഇംഗ്ലണ്ടിനെക്കാള്‍ മികച്ച റണ്‍ ശരാശരി കണ്ടെത്താന്‍ സാധിച്ചതാണ് ഇന്ത്യക്ക് തുണയായത്. ഇംഗ്ലണ്ട് നേടിയ 240 റണ്‍സ് എളുപ്പത്തില്‍ മറികടക്കാം എന്ന് പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് ബൌളര്‍മാര്‍ നടത്തിയത്.

ഇന്ത്യന്‍ സ്കോര്‍ 31ല്‍ എത്തിയപ്പോള്‍ മികച്ച ഫോമിലുള്ള ഓപ്പണര്‍ ഗൌതം ഗംഭീറിനെ(14) ഫ്ലിന്‍റോഫ് പുറത്താക്കി. സ്റ്റുവേര്‍ട്ട് ബ്രോഡ് എടുത്ത ക്യാച്ചിലായിരുന്നു ഗംഭീര്‍ പുറത്തായത്. സുരേഷ് റെയ്ന(1) രോഹിത് ശര്‍മ്മ(28) തുടങ്ങിയവരൊന്നു കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോഴും മറു വശത്ത് തകര്‍ത്തടിച്ച് വിരേന്ദ്ര സെവാഗ് മുന്നേറുകയായിരുന്നു. എഴുപത്തിയാറ് പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ സെവാഗിനെയും ഫ്ലിന്‍റോഫ് തന്നെയാണ് പുറത്താക്കിയത്. ആദ്യ മത്സരങ്ങളിലെ വിജയ ശില്‍പ്പി യുവരാജ് സിങ്ങും(38) ഫ്ലിന്‍റോഫിന്‍റെ ഇരയായി.

നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിയും(29) യൂസെഫ് പത്താനും(12) ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു മത്സരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

സ്കോര്‍കാര്‍ഡ്

വെബ്ദുനിയ വായിക്കുക