സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട വെട്ടിക്കുറയ്ക്കും

വ്യാഴം, 20 ജൂണ്‍ 2013 (19:12 IST)
PRO
PRO
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട വെട്ടിക്കുറയ്ക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗദി അറേബ്യ വെട്ടിക്കുറച്ച ഇന്ത്യയുടെ 20% സീറ്റുകളാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ക്വാട്ടയില്‍ നിന്ന് കുറയ്ക്കാന്‍ പോകുന്നത്. 1,75,000 സീറ്റുകള്‍ ഉണ്ടായിരുന്ന 34,000 സീറ്റുകളാണ് സൗദി അറേബ്യ കുറച്ചത്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റന്‍മാരുടെ ക്വാട്ട 45,000 സീറ്റുകളായിരുന്നു ഇതോടെ അവരുടെ ക്വാട്ട 11,000മായി കുറയും.

ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. അതുകൊണ്ട് പുതിയ തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്ത്യ സൗദിയോട് അവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ അവിശ്യം സൗദി തള്ളി. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകരെ തെരഞ്ഞെടുത്ത് കഴിഞ്ഞതിനാല്‍ ആ തീര്‍ത്ഥാടകരെ ഒഴിവാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദിയുടെ തന്നെ 50% സീറ്റുകള്‍ കുറച്ചിട്ടുണ്ടെന്നും താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ക്വാട്ട കുറച്ചതെന്നും സൗദി ഹജ്ജ് മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

നഷ്ടമാകുന്ന 20 ശതമാനം സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റന്‍മാരുടെ ക്വാട്ടയില്‍ നിന്ന് കുറയ്ക്കാനാണു വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. മക്കയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഹജ്ജ് ക്വാട്ട കുറയ്ക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നടപടി ക്രമങ്ങള്‍ ആരംഭഘട്ടത്തിലായിട്ടുള്ളതാണ് ഇവരുടെ ക്വാട്ടയില്‍ നിന്നും കുറവ് വരുത്തുന്നത്.

വെബ്ദുനിയ വായിക്കുക