12 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ദുരിതക്കടലില്‍

ബുധന്‍, 12 ജൂണ്‍ 2013 (19:55 IST)
PRO
PRO
മൂന്നു മലയാളികളടകം 12 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ആറുമാസമായി പുറംകടലിലെ കപ്പലില്‍ വേണ്ടത്ര വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ കൂടെ രണ്ടു പാകിസ്ഥാന്‍ക്കാരുമുണ്ട്. സിംഗപ്പൂര്‍ കമ്പനിയുടെ ഐഎന്‍ മോംഗര്‍-മൂന്ന്‌ എന്ന എണ്ണക്കപ്പലിലാണ് ഈ ദുരിതം. യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തുനിന്നു 14 നോട്ടിക്കല്‍ മെയില്‍ അകലെയാണു കപ്പല്‍ നങ്കൂരമിട്ടു കിടക്കുന്നത്.

25 വര്‍ഷം പഴക്കമുള്ള കപ്പല്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ കപ്പലുമായി ഇവിടെ എത്തിയത്.‌ എന്നാല്‍ കപ്പല്‍ ഇതുവരെ പൊളിച്ചിട്ടില്ലാത്തതിനാല്‍ ആറുമാസമായി ഇവരാരും കരയില്ലെത്തിയിട്ടില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം ഏറെക്കുറെ തീര്‍ന്നു. കപ്പലിലെ വൈദ്യുതി ബന്ധവും നഷ്ട്ടപ്പെട്ടു.

സിംഗപ്പൂരിലുള്ള കമ്പനി മാനേജര്‍ ടി കെ നാഥനുമായി ജീവനക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ നാലഞ്ചു ദിവസത്തിനകം കപ്പല്‍ യാത്ര പുറപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ കപ്പല്‍ പുറപ്പെടാനുള്ള നടപടികള്‍ കാണാഞ്ഞ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചപ്പോള്‍ ഖോര്‍ഫക്കാനിലെ നയതന്ത്രപ്രതിനിധിയെ ബന്ധപ്പെടാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അവിടെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

ലണ്ടനിലെ ഇന്റര്‍നാഷനല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഫെഡറേഷനിലും(ഐടിഎഫ്‌) ഇ മെയില്‍ മുഖേന ഇവര്‍ പരാതി നല്‍കിയപ്പോള്‍ കമ്പനി പാപ്പരാണെന്ന സന്ദേശമാണ് ലഭിച്ചത്. യുഎഇയില്‍ പ്രതിനിധിയില്ലാത്തതിനാല്‍ മറ്റൊന്നും ചെയ്യാനവില്ലെന്നു ഐടിഎഫ്, കപ്പല്‍ ജീവനക്കാരെ അറിയിച്ചു. അതേസമയം, ജീവനക്കാര്‍ക്കു പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന്‌ കമ്പനി മാനേജര്‍ പറഞ്ഞു.

മൂന്ന് മലയാളികള്‍ ഉള്‍പ്പടെ പതിനാലുപേരാണ് കുടുങ്ങി കിടക്കുന്നത്. തേഡ്‌ എന്‍ജിനീയര്‍ തിരുവനന്തപുരം കുടപ്പനക്കുന്ന്‌ സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യന്‍ (28), കോതമംഗലം സ്വദേശി ശ്രീജിത്‌ എസ്‌ കുമാര്‍ (32), എറണാകുളം സ്വദേശി ജോഷി (54) എന്നിവരാണ് കുടിങ്ങി കിടക്കുന്ന മലയാളികള്‍. ഇവരെ കൂടാതെ കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷദ്വീപ്‌ സ്വദേശി കെ അലി (45), ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സ്വദേശികളായ എട്ടു പേരും പാക്കിസ്ഥാന്‍ സ്വദേശികളായ ക്യാപ്റ്റനും ചീഫ്‌ എന്‍ജിനീയറുമാണു കപ്പലിലുള്ളത്‌.

ആറുമാസമായി ഇവര്‍ക്ക് ശമ്പളവും ലഭിച്ചിട്ടില്ല. മൂന്നു ലക്ഷം മുതല്‍ പതിനൊന്ന് ലക്ഷത്തോളം രൂപയാണ് ഇവര്‍ ഒരോരുത്തര്‍ക്കും ലഭിക്കാനുള്ളത്‌.

വെബ്ദുനിയ വായിക്കുക