നിതാഖാത് സ്വദേശവത്കരണ പരിപാടിയുടെ ഭാഗമായി അനധികൃത വിദേശ തൊഴിലാളികള്‍ക്ക് അനുവദിച്ച ഇളവുകാലം അവസാനിച്ചതോടെ സൗദിയില്‍ പരിശോധന ആരംഭിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000ത്തോളം പേര് പിടിയിലായതായി സുരക്ഷാസേന അറിയിച്ചു.
ജിദ്ദ പ്രവിശ്യയില്‍ തിങ്കളാഴ്ച നടന്ന പരിശോധനയില്‍ 1899 അനധികൃത തൊഴിലാളികളെ പിടികൂടിയതായി ജിദ്ദ പൊലീസിലെ മാധ്യമവക്താവ് നവാഫ് അല്ബൂഖ് വെളിപ്പെടുത്തി. കിഴക്കന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിയമാനുസൃത താമസ, തൊഴില്രേഖകളില്ലാത്ത 379 പേര് പിടിയിലായതായി പ്രവിശ്യ പൊലീസ് ഡയറക്ടര്‍ ഗറമുല്ല സഹ്റാനി വ്യക്തമാക്കി. ഇതിനിടെ മലയാളികളില്‍ പലരും സ്വദേശത്തേക്ക് മടങ്ങി.
ദക്ഷിണ സൗദിയിലെ അല്‍ബാഹയില്‍ 208 പേരെ പൊലീസ് പിടികൂടി. മദീനയില്‍ നടന്ന പരിശോധനയില്‍ പിടിയിലായ 300 പേരെ ജയിലിലടച്ചതായി ‘അല്‍ ഹയാത്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. തബൂക്കില്‍ 150 പേരും പിടിയിലായിട്ടുണ്ട്. കിഴക്കന്‍ സൗദിയില്‍ അല്അഹ്സയിലെ മസ്റഇയ്യ, ഹുഫൂഫ് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയും ഏതാനും പ്രവാസികളെ പിടികൂടുകയും ചെയ്തു. ഇവരില്‍ അധികവും പാകിസ്താന്, ബംഗ്ളാദേശ് സ്വദേശികളാണ്. ഹുഫൂഫിലെ ബംഗാളി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രാവിലെ സുരക്ഷാവിഭാഗം പരിശോധന നടത്തിയിരുന്നു.