പ്രളയക്കെടുതി; യുഎഇയുടെ സഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ
കേരളത്തിനായി യുഎഇ നല്‍കിയ സഹായം സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. കേന്ദ്രസര്‍ക്കാന്‍ നല്‍കിയ തുക തീര്‍ത്തും അപര്യാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ നയം സ്വീകരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നതിന് വിദേശ രാജ്യങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം സ്വീകരിക്കുന്നതില്‍ തടസ്സമില്ല. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുന്നതിനും തടസമില്ല.
ഒഡിഷയില്‍ ചുഴലിക്കാറ്റും ഗുജറാത്തില്‍ ഭൂകമ്പവും ഉണ്ടായപ്പോള്‍ താന്‍ വിദേശകാര്യമന്ത്രിയായിരുന്നു. ഈ അവസരത്തില്‍ വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. അടിയന്തര സഹായമായി കേരളത്തിന് അനുവദിച്ച 500 കോടി അപര്യാപ്തമാണ്. കുറഞ്ഞത് 2000 കോടിയെങ്കിലും ഇപ്പോള്‍ അനുവദിക്കണം.