യമുന കരകവിഞ്ഞു; 13,000 പേരെ മാറ്റിപ്പാർപ്പിച്ചു, 2 മരണം
ബുധന്‍, 1 ഓഗസ്റ്റ് 2018 (11:15 IST)
യമുനാ നദിയിൽ ഒഴുക്കിൽപെട്ടു രണ്ടുപേർ മരിച്ചു. രാജ്ഘട്ട് ബസ് ഡിപ്പോയിലെ ശുചീകരണ തൊഴിലാളി സുരേഷ് (23), ബെല്ലാഗാവ് സ്വദേശിനി ആശ (11) എന്നിവരാണ് മരിച്ചത്. നദിയിൽ മുങ്ങിയ ഏഴുവയസ്സുകാരൻ രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലിയ്‌ക്ക് ശേഷം യമുനാ നദിയിൽ കുളിക്കാനിറങ്ങിയ സുരേഷ് ഒഴുക്കിൽപെടുകയായിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇയാൾ മുങ്ങുന്നതു കണ്ട് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്കു കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു ആശയും രാജയും. സമീപവാസികൾ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യമുനാ നദിയിൽ ഇന്നലെ 206.04 മീറ്ററാണു ജലനിരപ്പ് രേഖപ്പെടുത്തിയത്. 204.83 മീറ്ററാണ് അപകടനില. ഇതോടെ 13,000ത്തിലേറെപ്പേരെ യമുനയുടെ തീരത്തുനിന്ന് മാറ്റി.