1989ല്‍ വിപി സിംഗ് അധികാരത്തില്‍ വരുമ്പോഴായിരുന്നു മണ്ഡല്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ 49.5 ശതമാനം സര്‍ക്കാര്‍ ജോലികള്‍ ജാതി സംവരണത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. മേല്‍ജാതിക്കാര്‍ കൈയടക്കി വച്ചിരുന്ന ഭൂമികള്‍ ക്രമേണ കീഴ്ജാതിക്കാരുടെ കൈകളിലെത്താനും തുടങ്ങി. ആസമയത്താണ് വികാസ് ദുബെ എന്ന ചെറുപ്പക്കാരനായ ബ്രാഹ്മണന്‍ സ്വജാതിയിലെ കുറച്ചു ചെറുപ്പക്കാരുമായി ചേര്‍ന്ന് അടുത്ത ഗ്രാമത്തിലെ കീഴ് ജാതിക്കാരെ ആക്രമിക്കുന്നത്.
ആ ആക്രമണത്തില്‍ വികാസ് ദുബെയും കൂട്ടരും വിജയിച്ചു. അന്ന് പ്രമാണിമാരായ ബ്രാഹ്മണര്‍ക്കിടയില്‍ വികാസ് ദുബെയ്ക്ക് മതിപ്പു ലഭിച്ചു. അങ്ങനെ വികാസ് ദുബെയ്ക്ക് ഒരു ഗ്യാങ്സ്റ്ററിന്റെ പരിവേഷം കിട്ടി. ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദുബെയും സംഘവും ബുള്ളറ്റ് ഗ്യാങ് എന്ന് അറിയപ്പെട്ടു. പിന്നീട് നടന്നതൊക്കെ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും തുടര്‍ക്കഥ.
ഗ്രാമീണനായ രാഹുൽ തിവാരി വികാസ് ദുബെയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസുകൊടുത്തതിനെ തുടര്‍ന്നാണ് പൊലീസ് സംഘം ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. അങ്ങനെയാണ് പൊലീസ് ബിക്രു ഗ്രാമത്തിൽ റെയ്ഡ് നടത്താനെത്തിയത്. അവിടെയുണ്ടായ വെടിവയ്പിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്ര, സബ് ഇൻസ്പെക്ടർമാരായ മഹേഷ് യാദവ്, അനുപ് കുമാർ, ബാബുലാൽ, കോൺസ്റ്റബിൾമാരായ സുൽത്താൻ സിംഗ്, രാഹുൽ, ജിതേന്ദ്ര, ബാബ്‌ലു എന്നിവരാണ് മരിച്ചത്. വെടിവയ്പിൽ മറ്റ് അഞ്ച് പോലീസുകാർക്കും പരിക്കേറ്റു.
വികാസ് ദുബെയും സംഘവും ബിക്രു ഗ്രാമത്തിലേക്ക് പോകുന്ന റോഡുകള്‍ ബ്ലോക്ക് ചെയ്‌തിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കുറ്റവാളികൾ അവര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. വികാസ് ദുബെയുടെ രണ്ട് അനുയായികളെ ബിക്രുവിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നിവാഡ ഗ്രാമത്തിൽ വച്ച് വെടിവച്ചു കൊന്നു. ദുബെയുടെ സഹോദരൻ ദിനേശ് തിവാരിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വികാസ് ദുബെയുടെ വീടും കാറും ജെ സി ബി ഉപയോഗിച്ച് പൊലീസ് നശിപ്പിച്ചു. ദുബെയുടെ അടുത്ത അനുയായികളായ രണ്ടുപേരെക്കൂടി പൊലീസ് എന്‍കൌണ്ടറില്‍ കൊലപ്പെടുത്തി.
വികാസ് ദുബെയ്‌ക്കെതിരെ കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ 60ലധികം കേസുകളുണ്ട്. ബി ജെ പി നേതാവ് സന്തോഷ് ശുക്ലയെ 2001 ൽ ശിവലി പൊലീസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി വികാസ് ദുബെയായിരുന്നു. അന്നത്തെ ആക്രമണത്തിൽ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. അന്നുമുതലാണ് ‘ശിവലിയുടെ അധോലോകനായകന്‍’ എന്ന പട്ടം വികാസ് ദുബെയ്‌ക്ക് ചാര്‍ത്തപ്പെട്ടത്.
നാല്‍പ്പതുകാരനായ വികാസ് ദുബെയാണ് 2000ൽ താരാചന്ദ് ഇന്റർ കോളജിന്റെ പ്രിൻസിപ്പലും അസിസ്റ്റന്റ് മാനേജരുമായ സിദ്ധേശ്വർ പാണ്ഡെയുടെ കൊലപാതകത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2018ൽ മാട്ടി ജയിലിൽ നിന്ന് തന്റെ അര്‍ധ സഹോദരൻ അനുരാഗിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസിലും വികാസ് ദുബെ പ്രതിയാണ്. അനുരാഗിന്റെ ഭാര്യ, വികാസ് ദുബെ ഉൾപ്പെടെ നാല് പേരുടെ പേരുകളാണ് അന്ന് പൊലീസിന് കൈമാറിയത്.
2000ൽ ജയിലിനുള്ളിൽ നിന്ന് രാംബാബു യാദവ് എന്നയാളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ദുബെയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2004ൽ കേബിൾ ടിവി വ്യവസായി ദിനേശ് ദുബെയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇയാളാണ്. രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളുമാണ് വികാസ് ദുബെ. ബഹുജൻ സമാജ് പാർട്ടി (ബിഎസ് പി)യിൽ ചേർന്ന വികാസ് ദുബെ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒടുവില്‍ ഇന്നുരാവിലെ പൊലീസിന്റെ തോക്കിന്‍ തുമ്പില്‍ ദുബെ ഒടുങ്ങി.