വിജയകാന്ത് തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ഡിഎംകെയ്ക്ക് പിടി കൊടുക്കാതെ വിജയകാന്ത് ജനക്ഷേമ മുന്നണിക്കൊപ്പം

ബുധന്‍, 23 മാര്‍ച്ച് 2016 (12:40 IST)
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ ചലച്ചിത്രതാരവും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് വിജയകാന്ത്. എം ഡി എം കെ നേതാവ് വൈകോയും ഇടതുപാര്‍ട്ടികളും നേതൃത്വം നല്കുന്ന മുന്നണിയാണ് ജനക്ഷേമ മുന്നണി.
 
കരുണാനിധിയുടെ ഡി എം കെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും വിജയകാന്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ, ബി ജെ പിയും വിജയകാന്തിനു വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍, ദ്രാവിഡ പാര്‍ട്ടിക്കും ബി ജെ പിക്കും പിടികൊടുക്കാതെ വിജയകാന്ത് ഇടതുപാളയത്തിലാണ് എത്തിച്ചേര്‍ന്നത്.
 
സംസ്ഥാനത്ത് ആകെയുള്ള 234 നിയമസഭ മണ്ഡലങ്ങളില്‍ 124 സീറ്റുകളിലും ഡി എം ഡി കെ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു വിജയകാന്ത് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക