ഇ.അഹമ്മദിന്റെ നിര്യാണം: ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം; ഇല്ലെങ്കിൽ ബഹിഷ്കരണം

ബുധന്‍, 1 ഫെബ്രുവരി 2017 (08:40 IST)
മലപ്പുറത്തു നിന്നുള്ള സിറ്റിങ് എംപി ഇ.അഹമ്മദിന്റെ നിര്യാണം കേന്ദ്ര ബജറ്റ് അവതരണ നടപടികളെ ബാധിച്ചേക്കുമെന്ന് സൂചന. ബജറ്റ് അവതരണം മാറ്റിവെക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജനാണ് അന്തിമതീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അതേസമയം, ബജറ്റ് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതായാണ് വിവരം. ബജറ്റ് അവതരണം മാറ്റിവച്ചില്ലെങ്കിൽ ഇന്നത്തെ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കാനും പ്രതിപക്ഷം നീങ്ങുന്നതായാണ് സൂചന. നിലവില്‍ പാര്‍ലമെന്റിലെ ഒരംഗം മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ച് പാര്‍ലമെന്റിന്റെ സ്വാഭാവിക നടപടികള്‍ നിര്‍ത്തിവെക്കാറുണ്ട്.
 
ഇന്നലെ ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് രാവിലെ 11.30നു അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഡല്‍ഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 2.20 നാണു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക