ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍; അപമാനം നേരിട്ടത് മാധ്യമപ്രവര്‍ത്തകയായ അപ്‌സര റെഡ്ഡി

ചൊവ്വ, 19 ജൂലൈ 2016 (10:30 IST)
ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടതിനാല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ചെന്നൈയില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ അപ്‌സര റെഡ്ഡിയാണ് ഇതു സംബന്ധിച്ച് പരാതി നല്കിയത്. സുഹൃത്തിന്റെ ക്ഷണക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു അപ്സരയ്ക്ക് ഈ ദുരവസ്ഥ ഉണ്ടായത്.
 
അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ കപ്പലില്‍ എത്തിയപ്പോള്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ അപമാനിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ തന്നെ അപമാനിച്ചത്. ചെന്നൈ തുറമുഖത്തിനകത്തേക്ക് ഏഴാംനമ്പര്‍ കവാടത്തിലൂടെ കടന്നുപോയപ്പോള്‍ കേന്ദ്രസുരക്ഷ സേന ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്നും എന്നാല്‍ കപ്പലില്‍, കയറാന്‍ ശ്രമിച്ചപ്പോള്‍ ശുഭ്, അജയ് എന്നീ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നെന്നും അപ്സര പറഞ്ഞു.
 
അതേസമയം, കാരണം തിരക്കിയപ്പോള്‍ ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ കപ്പലില്‍ കയറ്റിയില്ലെന്നാണ് വിശദീകരിച്ചതെന്ന് തന്റെ ഫേസ്‌ബുക്ക് പേജില്‍ അപ്സര റെഡ്ഡി കുറിച്ചിട്ടു.

വെബ്ദുനിയ വായിക്കുക