വരുമാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വന്‍ നഷ്‌ടം ആയിരിക്കും ടസ്‌മാക് പൂട്ടിയാല്‍ ഉണ്ടാകുക. സംസ്ഥാനത്തെ 6, 835 മദ്യവില്പനശാലകളിലായി 27, 000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ടസ്‌മാക് പൂട്ടുന്നത് ആയിരങ്ങള്‍ക്ക് ജോലി നഷ്‌ടത്തിന് കാരണമാകും.
തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ അഥവാ ടസ്‌മാക് ആണ് തമിഴ്നാടിന്റെ ‘വെള്ളമടി’യില്‍ നിര്‍ണായകമായ പങ്കു വഹിച്ചത്. എം ജി ആര്‍ സര്‍ക്കാര്‍ 1983ലാണ് തമിഴ്നാട് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ടസ്‌മാകിന് രൂപം നല്കിയത്. മദ്യം നിര്‍മ്മിക്കുന്നതിനായി തമിഴ്നാട് സ്പിരിറ്റ് കോര്‍പ്പറേഷനും രൂപം നല്കി. എന്നാല്‍, 1987ല്‍ സ്വകാര്യ കമ്പനികള്‍ക്ക് മദ്യം നിര്‍മ്മിക്കാന്‍ എം ജി ആര്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതോടെ, സ്പിരിറ്റ് കോര്‍പ്പറേഷന്‍ എം ജി ആര്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുകയായിരുന്നു.
എന്നാല്‍, ജയലളിത സര്‍ക്കാര്‍ 2003 ഒക്‌ടോബറില്‍ മദ്യവില്പന സ്വകാര്യമേഖലയില്‍ നിന്ന് ഏറ്റെടുത്തു. പിന്നെയിങ്ങോട്ട് ഓരോ വര്‍ഷവും തമിഴ്‌നാട് കുടിച്ചു തീര്‍ത്തത് ആയിരക്കണക്കിന് കോടി രൂപയുടെ മദ്യമാണ്. 2003 -2004 വര്‍ഷത്തില്‍ 3, 639 കോടി രൂപയുടെ മദ്യം തമിഴ്മക്കള്‍ കുടിച്ചെങ്കില്‍ പിന്നെയിങ്ങോട്ട് ഇതില്‍ ഇരട്ടി വര്‍ദ്ധനയാണ് മദ്യം വില്പനയില്‍ നടന്നത്.
2010 - 2011 (14, 965 കോടി രൂപ), 2011 - 2012 (18, 081 കോടി രൂപ), 2012 - 2013 (21, 680.67 കോടി രൂപ) എന്നിങ്ങനെയാണ് മദ്യവില്പനയിലെ വര്‍ദ്ധന. 2014 - 2015 വര്‍ഷത്തില്‍ അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 3, 600 കോടിയോളം രൂപയുടെ വര്‍ദ്ധനവാണ് മദ്യവില്പനയില്‍ ഉണ്ടായത്. 2014 - 2015 വര്‍ഷത്തില്‍ 26, 000 കോടി രൂപയാണ് മദ്യവില്പനയില്‍ പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു.