അമ്മയുടെ വാഗ്ദാനം കേട്ട് തമിഴകം ഞെട്ടി; എല്ലാവര്‍ക്കും മൊബൈല്‍, സൌജന്യ വൈദ്യുതി, വനിതകള്‍ക്ക് സ്‌കൂട്ടര്‍- എഐഎഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി

വ്യാഴം, 5 മെയ് 2016 (19:41 IST)
ജനങ്ങളെ കൈയിലെടുക്കുന്ന വന്‍ ഓഫറുകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എഐഎഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരുടെയും സ്‌ത്രീകളുടെയും‍ മനസറിഞ്ഞുള്ള വാഗ്ദാനങ്ങളും ഉറപ്പുകളുമാണ് ജയലളിത നല്‍കിയിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള അമ്പത് ശതമാനം സബ്‌സിഡി. റേഷന്‍ കാര്‍ഡുള്ളവര്‍ക്കെല്ലാം സൌജന്യ മൊബൈല്‍ ഫോണ്‍ എന്നിവയാണ് വാഗ്‌ദാനങ്ങളില്‍ പ്രധാനം. നൂറു യൂണിറ്റുവരെ സൌജന്യമായി വൈദ്യുതിയും അമ്മ മക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

വീടില്ലാത്തവര്‍ക്ക് പുതിയ 10 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും. ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങള്‍ പുതുക്കി പണിയുന്നതിന് ധനസഹായം നല്‍കും. സൌജന്യമായി സെറ്റ് ടോപ് ബോക്സ്, വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് എട്ടു ഗ്രാം സ്വര്‍ണം.  തുടങ്ങി ഒട്ടേറെ ജനപ്രിയ നടപടികളാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്.

നിരോധിത സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് അയ്യായിരം രൂപ സഹായം. ഡാമുകളും കനാലുകളും പുതിക്കി പണിയും. ലാപ് ടോപ്പും ഇന്റര്‍നെറ്റ് സൌകര്യവും, സ്‌ത്രീകള്‍ക്ക് സൌജന്യമായി അമ്മ കിറ്റ് നല്‍കുകയും സാനിറ്ററി നാപ്‌കിന്‍ നല്‍കുകയും ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക