ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്ഥാന്റെ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്ഥാന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണെ രക്ഷിക്കാന്‍ ഏതറ്റം വരേയും പോകും. ഇന്ത്യയുടെ മകനാണ് അദ്ദേഹമെന്നും തെറ്റ് ചെയ്തതിന് തെളിവില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയുമായി മുന്നോട്ട് പോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കും അവര്‍ നേരിടേണ്ടി വരുക. ഇരു രാജ്യങ്ങള്‍ക്ക് ഇടയിലേയും ബന്ധം ഇതിലൂടെ വഷളാകുമെന്നും ആസൂത്രിതമായ കൊലപാതകമായി മാത്രമേ കുല്‍ഭൂഷണെതിരായ നടപടി കാണാനാക്കൂവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാന്റെ നടപടിയില്‍ പാര്‍ലമെന്റില്‍ എം പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ രക്ഷിക്കാനും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ്‌സിങ് സഭക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.