ബംഗളുരു: പിരിഞ്ഞു താമസിക്കുന്ന ദമ്പതിമാർ പരസ്പരം കുറ്റപ്പെടുത്തി ഫയൽ ചെയ്തത് ഒന്നും രണ്ടുമല്ല 67 കേസുകൾ. ഭർത്താവാണ് ഏറ്റവും കൂടുതൽ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. 58 കേസുകൾ. ഭാര്യ ഇൻപതു കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. കേസുകൾ ഫയൽ ചെയ്യുന്നത് ഇരുവരും നിർത്തുന്ന മട്ടില്ലെന്നു കണ്ടപ്പൊൾ ഇനി ഹൈക്കോടതിയുടെ അനുമതിയോടെ മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതി എന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു.
കഴിഞ്ഞ ഏഴുവർഷത്തിനിടെയാണ് ഇരുവരും ചേർന്ന് 67 കേസുകൾ ഫയൽ ചെയ്തത്. അമേരിക്കൻ പൌരത്വമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനിയറും എം ബി എ ബിരുദധാരിയായ ബംഗളുരു സ്വദേശിനിയും തമ്മിൽ 2002ലാണ് വിവാഹിതരാവുന്നത്. 2009ൽ ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ ഇരുവർക്കുമിടയിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടായതോടെ യുവതി ഇപ്പോൽ മാതാപിതാക്കളോടൊപ്പം ബംഗളുരുവിലാണ് താമസം.