പട്ടാള ക്യാമ്പ് ആക്രമണം: ആഞ്ചു സൈനികര്‍ക്ക് വീരമൃത്യു - കരസേന മേധാവി ജമ്മുവില്‍
ഞായര്‍, 11 ഫെബ്രുവരി 2018 (12:44 IST)
ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരുക്കേറ്റ മൂന്ന് സൈനികരാണ് ഇന്ന് മരിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹവിൽദാർ ഹബീബ് ഉല്ല ഖുറേഷി, എൻകെ മൻസൂർ അഹമ്മദ്, ലാൻസ് നായിക് മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് ഇന്ന് മരിച്ച സൈനികർ. സുബേദാർ മണ്ഡൻലാൽ ചൗധരി, സുബേദാർ മുഹമ്മദ് അഷ്റഫ് മിർ എന്നിവർ ശനിയാഴ്‌ച തന്നെ വീരമൃത്യു വരിച്ചിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന നാട്ടുകാരനും ഇന്ന് മരണത്തിനു കീഴടങ്ങി. സൈനികരുടെ പ്രത്യാക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അതിനിടെ കരസേനാ മേധാവി ബിപിൻ റാവത്ത് സുന്‍ജുവാനിലെ ക്യാമ്പിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റ സൈനികരേയും അദ്ദേഹം സന്ദർശിച്ചു.
ഉധംപൂരിലെ സൈനിക ക്യാമ്പില്‍ നിന്നെത്തിയ കമാന്‍ഡോകളാണ് ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സുന്‍ജുവാന്‍ സൈനിക ക്യാമ്പിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. അതിക്രമിച്ചു കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്.