മദ്യപാനിയായ മകന്റെ ശല്യം കാരണം മാതാപിതാക്കൾ ജീവനൊടുക്കി

എ കെ ജെ അയ്യര്‍

ബുധന്‍, 9 ഫെബ്രുവരി 2022 (12:48 IST)
നാഗർകോവിൽ: മദ്യപാനിയായ മകന്റെ ശല്യം കാരണം മാതാപിതാക്കൾ തീകൊളുത്തി ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രതാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാടിനെ നടുക്കിയ സംഭവം നടന്നത്.

ശുചീന്ദ്രം സിയോൺപുരം ഗ്രാമത്തിലെ സിൽവ ജയസിംഗ് (68), ഭാര്യ തങ്കം (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് സതീഷ്, യേശു ജിബിൻ എന്നീ രണ്ട് മക്കളാണുള്ളത്. ഇതിൽ മൂത്ത മകൻ സതീഷ് വിവാഹ ശേഷം വീടിനടുത്തതായിരുന്നു താമസിച്ചിരുന്നത്. ഇളയ മകൻ ഇവർക്കൊപ്പവും. പിതാവ് രോഗം ബാധിച്ചു കഴിഞ്ഞ മൂന്നു വർഷമായി കിടപ്പിലായിരുന്നു.

ഇളയ മകൻ യേശു ജിബിൻ ദിവസവും മദ്യപിച്ചു വീട്ടിൽ വന്നു വഴക്കുണ്ടാക്കുക പതിവായിരുന്നു. സഹികെട്ടാണ് ഇവർ കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്നു മണിയോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഇവരുടെ നിലവിളി കേട്ട് മകൻ യേശുവും അയൽക്കാരും വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് യേശു ജാബിന്റെ ശല്യം കാരണം തങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് അടുത്ത് താമസിച്ചിരുന്ന മൂത്ത മകൻ സതീഷിനെ ഇവർ ഫോണിൽ അറിയിച്ചിരുന്നു. മൃതദേഹങ്ങൾ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശുചീന്ദ്രം പോലീസ് അന്വേഷണം ആരംഭിച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍