അവന്‍ അവളുടെ പിറകെ നടന്നു, ദിവസങ്ങളോളം; ഒടുവില്‍ അവസരം കിട്ടിയപ്പോള്‍ അടിച്ചോണ്ടു പോന്നു- സ്നാപ് ഡീല്‍ പെണ്‍കുട്ടിയെ കിഡ്നാപ്പ് ചെയ്തതിങ്ങനെ
ചൊവ്വ, 16 ഫെബ്രുവരി 2016 (14:53 IST)
അടുത്ത കാലത്ത് നടന്നതില്‍ വച്ച് വളരെ വ്യത്യസ്തമായ തട്ടിക്കൊണ്ടുപോകല്‍ കഥയാണ് ഗാസിയാബാദില്‍ നടന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി ശര്‍ണയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ദീപ്തി തന്നെയാണ് തട്ടിക്കൊണ്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. പ്രധാന പ്രതിയായ ഹരിയാന സ്വദേശി ദേവേന്ദറിനെ(29) പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ള ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പദ്ധതിയുടെ സൂത്രധാരന്‍ ദേവേന്ദറാണ്. ഈ മാസം ജനുവരിയില്‍ രാജീവ് ചൌക്ക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ ദീപ്തിയെ ആദ്യമായി കാണുന്നത്. മാനസികരോഗിയായ ഇയാള്‍ ദീപ്തിയുടെ ഹീറോ താനാണെന്ന് സ്വയം കരുതുകയും പിന്നീടങ്ങോട്ട് ദീപ്തിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ പിന്തുടരുകയുമായിരുന്നു.
താമസസ്ഥലമടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കിയ ഇയാള്‍ പിന്നീടുള്ള എല്ലാ ദിവസവും പെണ്‍കുട്ടിയുടെ പിറകെ ആയിരുന്നു. 150-ല്‍ കൂടുതല്‍ തവണ താന്‍ ദീപ്തിയുടെ പിറകെ നടന്നിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
‘തനിക്കെതിരെ ഒരുപാട് കേസുകളുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട ഒരു കേസ് ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ്. ഇക്കാര്യത്തില്‍ എനിക്ക് ഒരു പശ്ചാത്താപവും ഇല്ല’ - ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദേവേന്ദറിനൊപ്പം അറസ്റ്റിലായ പ്രദീപ്, ഫാഹിം, മോഹിത്ത്, മജീദ് എന്നിവര്‍ക്ക് ദേവേന്ദറിന്റെ യഥാര്‍ത ഉദ്ദേശം എന്താണെന്ന് അറിയില്ലായിരുന്നു. ഹവാല പണമിടപാടും ആയി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരണമെന്നും കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും പ്രതിഫലമായി ലഭിക്കും എന്നുമായിരുന്നു ഇയാള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ദീപ്തിയെ തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയതായും ദേവേന്ദര്‍ പൊലീസിനോട് പറഞ്ഞു.
വൈശാലി മെട്രോ സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഒരു ഓട്ടോയില്‍ കയറിയ ദീപ്തിയെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ദീപ്തിയെ റെയില്‍വെ സ്റ്റേഷനില്‍ ഇറക്കി വിടുകയായിരുന്നു. യാത്രാചെലവിനായി നൂറു രൂപയും ഇവര്‍ നല്‍കി.
തന്നെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം കണ്ണ് മൂടിക്കെട്ടി നാലുപേര്‍ ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന് ദീപ്തി പൊലീസിന് മൊഴി നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ കഴിക്കാന്‍ ഭക്ഷണവും വെള്ളവും നല്‍കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നുവെന്നും അവരാരും ശാരീരികമായോ മാനസികമായോ തന്നെ ഉപദ്രവിച്ചില്ലെന്നും പൊലീസിന് ദീപ്തി മൊഴി നല്‍കി.
ദീപ്തിയെ മോചിപ്പിക്കുന്നതിനായി പ്രതികള്‍ മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ഇതൊരു അസാധാരണമായ തട്ടിക്കൊണ്ടുപോകല്‍ കഥയാണെന്ന് പൊലീസ് പറഞ്ഞു.